| Saturday, 12th July 2025, 11:54 am

വൈറലായ വീഡിയോ; മമ്മൂക്കയുടെ അടുത്തെത്തുമ്പോള്‍ എനിക്ക് സന്തോഷമാണ്: നിഷാന്ത് സാഗര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നിഷാന്ത് സാഗര്‍. 1997ല്‍ വിജയ് പി. നായര്‍ സംവിധാനം ചെയ്ത ഏഴുനിലപ്പന്തല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1999ല്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസി എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

2000ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ ചിത്രത്തിലെ നിഷാന്തിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ വേഷം അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി. തിളക്കം സിനിമയില്‍ ഗോപിയായും ഫാന്റം എന്ന മമ്മൂട്ടി ചിത്രത്തില്‍ ജോസുകുട്ടിയായും നിഷാന്ത് അഭിനയിച്ചിരുന്നു.

പിന്നീട് നായകനായും സ്വഭാവനടനായും വില്ലനായും നിരവധി സിനിമകളില്‍ അഭിനയിച്ചു. മുമ്പ് ‘സ്‌നേഹപൂര്‍വം മമ്മൂട്ടി ചേട്ടന്’ എന്ന പരിപാടിയുടെ ഇടയില്‍ മമ്മൂട്ടിയുടെ അടുത്ത് നില്‍ക്കുന്ന നിഷാന്തിന്റെ ഒരു വീഡിയോ വൈറല്‍ ആയിരുന്നു.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് നിഷാന്ത് സാഗര്‍. തനിക്ക് എപ്പോഴും മമ്മൂട്ടിയുടെ അടുത്തെത്തുമ്പോള്‍ വലിയ സന്തോഷമാണെന്നാണ് നടന്‍ പറയുന്നത്. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആ വീഡിയോയെ കുറിച്ച് എന്താണ് പറയേണ്ടത്. എനിക്ക് സിനിമയിലേക്ക് എത്തണമെന്ന ആഗ്രഹം തുടങ്ങുന്നത് വളരെ കാലം മുമ്പാണ്. ആ സമയത്താണ് ജാഗ്രത എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്.

അന്ന് ഞാന്‍ പഠിക്കുന്ന സ്‌കൂളിന് അടുത്ത് വെച്ചായിരുന്നു ഈ പടത്തിന്റെ ഷൂട്ടിങ് നടന്നത്. അവിടെ വെച്ച് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അദ്ദേഹമാണ് ഞാന്‍ ആദ്യമായി നേരിട്ട് കാണുന്ന ആര്‍ട്ടിസ്റ്റ്.

അതിന് ശേഷം സിനിമാമോഹം മനസില്‍ അങ്ങനെ കൊണ്ടുനടക്കുന്ന നേരത്തും മമ്മൂക്ക എന്റെ മനസില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഇടയില്‍ കോഴിക്കോട് വെച്ച് ഒരു ഷൂട്ടിങ്ങിന് വേണ്ടി വന്ന മമ്മൂക്കയെ യാദൃശ്ചികമായി കണ്ടു.

പിന്നീട് മമ്മൂക്ക എപ്പോഴും എന്റെ സ്വപ്‌നത്തില്‍ വരുമായിരുന്നു. ശേഷം ഫാന്റം എന്ന സിനിമയില്‍ എനിക്ക് അദ്ദേഹത്തിന്റെ അനിയനായി അഭിനയിക്കാന്‍ സാധിച്ചു. എനിക്ക് എപ്പോഴും മമ്മൂക്കയുടെ അടുത്ത് എത്തുമ്പോള്‍ വലിയ സന്തോഷമാണ്,’ നിഷാന്ത് സാഗര്‍ പറയുന്നു.


Content Highlight: Nishanth Sagar Talks About Mammootty And His Viral Video

We use cookies to give you the best possible experience. Learn more