| Sunday, 13th July 2025, 8:55 am

മകളുടെ അഭിനയം കണ്ടുപഠിക്ക് എന്നായിരുന്നു ആ സംവിധായകന്‍ എന്നോട് പറഞ്ഞത്: നിഷാന്ത് സാഗര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേവദാസി എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് നിഷാന്ത് സാഗര്‍. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ സുധീര്‍ മിശ്ര എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. നായകനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ നിഷാന്തിന് സാധിച്ചിരുന്നു. ഈ വര്‍ഷത്തെ വന്‍ വിജയമായ രേഖാചിത്രത്തിലും താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയിലൂടെ നിഷാന്ത് സാഗറിന്റെ മകള്‍ നന്ദ നിഷാന്തും സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചിരുന്നു. അനുപമ എന്ന കഥാപാത്രത്തെയാണ് നന്ദ അവതരിപ്പിച്ചത്. മകളുടെ അഭിനയത്തെക്കുറിച്ച് തന്നോട് പലരും പറഞ്ഞ കമന്റുകള്‍ പങ്കുവെക്കുകയാണ് നിഷാന്ത് സാഗര്‍.

ഫാന്റം സിനിമയുടെ സംവിധായകന്‍ ബിജു വര്‍ക്കി ആലപ്പുഴ ജിംഖാന കണ്ട് തന്നെ വിളിച്ചെന്ന് നിഷാന്ത് സാഗര്‍ പറഞ്ഞു. തന്റെ മകള്‍ ചെയ്തതുപോലെ സിമ്പിളാണ് അഭിനയമെന്ന് അദ്ദേഹം പറഞ്ഞെന്നും തനിക്ക് അത് മനസിലാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു നിഷാന്ത് സാഗര്‍.

‘ജിംഖാന റിലീസായപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചിട്ടുണ്ടായിരുന്നു. ബിജു വര്‍ക്കി എന്ന സംവിധായകനും വിളിച്ചു. അദ്ദേഹത്തിന്റെ സിനിമയാണ് ഫാന്റം. എനിക്ക് വലിയ മൈലേജ് തന്ന സിനിമയാണ് അത്. പുള്ളിക്കാരന്‍ എന്നെ വിളിച്ചിട്ട് ‘എടാ ജിംഖാന കണ്ടു, നിന്റെ മകള്‍ ചെയ്തില്ലേ, അതുപോലെ സിമ്പിളാണ് അഭിനയം. നിനക്കെന്താ അത് ഇത്രയും കാലമായിട്ട് മനസിലാകാത്തത്’ എന്ന് ചോദിച്ചു.

അതായത് മകള്‍ ചെയ്തുവെച്ചതുപോലെ സിമ്പിളായി പെര്‍ഫോം ചെയ്യാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇന്നത്തെ ജനറേഷന് ആക്ടിങ് വളരെ സിമ്പിളായി ചെയ്യാന്‍ പറ്റും. അപ്പോള്‍ ബിജു ചേട്ടന്‍ പറഞ്ഞതുപോലെ അവരെയൊക്കെ കണ്ടു പഠിച്ചിട്ട് വേണം ഇന്‍ഡസ്ട്രിയില്‍ ഇനിയും പിടിച്ചുനില്‍ക്കാന്‍ (ചിരിക്കുന്നു). അല്ലാതെ വേറെ വഴിയില്ല,’ നിഷാന്ത് സാഗര്‍ പറഞ്ഞു.

നസ്‌ലെനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന. ഗണപതി, ലുക്മാന്‍ അവറാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തലെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു നന്ദ നിഷാന്ത്. അനഘ രവി, നോയ്‌ല ഫ്രാന്‍സി എന്നിവരായിരുന്നു മറ്റ് നായികമാര്‍. വിഷു റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി.

Content Highlight: Nishanth Sagar shares the comments he heard about his daughter’s performance in Alappuzha Gymkhana movie

We use cookies to give you the best possible experience. Learn more