| Tuesday, 2nd June 2026, 8:03 pm

മലയാളിക്ക് പിന്നാലെ അയൽവാസിയും ലോകകപ്പിലേക്ക്; ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള

Sudev A

2026 ഫിഫ ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം നേടി തമിഴ്‌നാട് സ്വദേശി നിഷാന്‍ വേലുപ്പിള്ള. ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ തമിഴ്‌നാട് ഫുട്‌ബോള്‍ താരമാണ് നിഷാന്‍. എ-ലീഗില്‍ മെല്‍ബണ്‍ വിക്ടറി ടീമിന്റെ താരമാണ് നിഷാന്‍.

നിഷാന്റെ പിതാവ് ശശിനാഥ് വേലുപിള്ള തമിഴ് പാരമ്പര്യമുള്ള ആളാണ്. മാതാവ് ഗില്ലിയന്‍ വേലുപിള്ള ആംഗ്ലോ ഇന്ത്യനുമാണ്. മെല്‍ബണില്‍ ജനിച്ച് വളര്‍ന്ന നിഷാന്‍ യൂത്ത് റാങ്കിലൂടെ മുന്നേറുകയും പിന്നീട് മെല്‍ബണ്‍ വിക്ടറി അക്കാദമിയില്‍ ചേരുകയുമായിരുന്നു.

2024ലായിരുന്നു നിഷാന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചൈനയ്‌ക്കെതിരെയാണ് നിഷാന്‍ ആദ്യമായി ഓസ്‌ട്രേലിയക്ക് വേണ്ടി കളത്തിലിറങ്ങിയത്.

നിഷാൻ വേലുപ്പിള്ള

ആദ്യ മത്സരത്തില്‍ തന്നെ ഓസ്‌ട്രേലിയക്ക് വേണ്ടി ഗോള്‍ നേടി തിളങ്ങാനും താരത്തിന് സാധിച്ചിരുന്നു. 3-1 എന്ന ത്രില്ലര്‍ സ്‌കോറിന് ഓസ്‌ട്രേലിയ വിജയിച്ച മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയാണ് നിഷാന്‍ ഗോള്‍ നേടിയത്. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ലോകകപ്പില്‍ ഗ്രൂപ്പ് ഡി-യിലാണ് ഓസ്‌ട്രേലിയ ഇടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയപ്പം തുര്‍ക്കി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, പരാഗ്വ എന്നീ ടീമുകളുമാണുള്ളത്. ജൂണ്‍ 13ന് തുര്‍ക്കിക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പിലെ ആദ്യം മത്സരം.

അതേസമയം മലയാളി താരവും ഇത്തവണ ലോകകപ്പ് കളിക്കാനൊരുങ്ങുന്നുണ്ട്. കണ്ണൂരുകാരന്‍ തഹ്‌സീന്‍ മുഹമ്മദാണ് ഖത്തര്‍ ടീമിന് വേണ്ടി ലോകകപ്പില്‍ കളത്തിലിറങ്ങുക. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്ന ചരിത്രത്തിലെ ആദ്യ മലയാളിയാണ് തഹ്‌സീന്‍.

ഖത്തറില്‍ പ്രവാസിയായ തലശേരി സ്വദേശി ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെ രണ്ടാമത്തെ മകനാണ് തഹ്‌സീന്‍. ഇന്ത്യന്‍ യൂത്ത് ടീം ക്യാമ്പ് വരെ എത്തിയ പിതാവിന്റെ പാരമ്പര്യവുമായാണ് തഹ്‌സീന്‍ ലോകകപ്പില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്.

തഹ്‌സീൻ മുഹമ്മദ് ജംഷീദ്. Photo: Dani Omer Scouting/x.com

അന്തര്‍സര്‍വകലാശാല കിരീടം നേടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ ഉപനായകനായ പിതാവ് ജംഷീദ് കേരള യൂത്ത് ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ജോപോള്‍ അഞ്ചേരിക്കൊപ്പം കളിച്ചിട്ടിട്ടുണ്ട്. പരിക്ക് പറ്റി പിന്നീട് ജംഷീദ് കളിക്കളം വിട്ട് ഖത്തറിലേക്ക് ചേരുകയായിരുന്നു. അതിനാല്‍ തന്നെ തഹ്‌സീന്‍ വളര്‍ന്നതും പഠിച്ചതും ഖത്തറില്‍ തന്നെയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ അക്കാദമിയായ അസ്പര്‍ അക്കാദമിയിലൂടെയാണ് തഹ്സീന്‍ തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. അവിടെ മികച്ച പ്രകടനം നടത്തിയതോടെ ഖത്തറിന്റെ യൂത്ത് ടീമിലേക്ക് അവസരം തേടിയെത്തി. 2021ല്‍ ഖത്തറിന്റെ അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ച് ശ്രദ്ധേയനായി. ഖത്തറിന്റെ ജൂനിയര്‍ ടീമിലും ക്ലബ് തലത്തിലും പുറത്തെടുത്ത മികവാണ് തഹ്സീന് 2026 ലോകകപ്പ് ടീമിലേക്ക് വഴി ഒരുക്കിയത്.

Content Highlight: Nishan Veluppilla is the first Tamil Nadu player to represent in World Cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more