കൊച്ചി: താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത പദവിയിലേക്ക് പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ തെറ്റെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്. താന്‍ ഒരു സര്‍ക്കാര്‍ പദവിയിലുമില്ലെന്നും ആരും തന്നെ അത്തരമൊരു പദവിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും നിഷ പുരുഷോത്തമന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആരുടെയൊക്കെയോ അരക്ഷിതാവസ്ഥയില്‍ ഉടലെടുക്കുന്ന ‘വ്യാജ നിയമന ഉത്തരവു’കള്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ വ്യാജവാര്‍ത്ത വിശ്വസിച്ച് അഭിനന്ദിക്കുന്ന പ്രിയ സുഹൃത്തുക്കളോട്, ഞാന്‍ ഒരു സര്‍ക്കാര്‍ പദവിയിലും ഇല്ല, എന്നെ ആരും ക്ഷണിച്ചിട്ടും ഇല്ല. ഒരു രാഷ്ട്രീയനേതാവും, പാര്‍ട്ടിയും എന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കാറുമില്ല,’ നിഷ കുറിച്ചു.
മനോരമ ന്യൂസില്‍ നിന്ന് നിഷ പുരുഷോത്തമന് രാജിവെച്ചെന്നും അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത പദവിയിലെത്തുമെന്നും പറഞ്ഞുള്ള വീഡിയോ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ രാജി വാര്‍ത്ത നിഷയോ മനോരമ ന്യൂസോ സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തന്നെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞുകൊണ്ടുള്ള നിഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.
’23 വര്‍ഷം മാധ്യമപ്രവര്‍ത്തനം എന്ന ഇഷ്ടമേഖലയില്‍ ഉല്‍സാഹത്തോടെ ജോലി ചെയ്തു. അത് തുടരണോ വേണ്ടയോ എന്നത് എന്റെ തീര്‍ത്തും വ്യക്തിപരമായ കാര്യം മാത്രം. ആരുടെയോ ഭാവനയില്‍ വിരിഞ്ഞ കള്ളക്കഥകള്‍ സത്യമാണെന്ന് കരുതരുത്. സമൂഹമാധ്യമ പ്രഖ്യാപനങ്ങള്‍ സത്യമായിരുന്നെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നിട്ട് രണ്ട് പതിറ്റാണ്ട് ആകുമായിരുന്നു,’ നിഷ പുരുഷോത്തമന്റെ കുറിപ്പില്‍ പറയുന്നു.
ഇതിലൊന്നും കക്ഷിയല്ലാത്ത ആളുകളുടെ പേരുകള്‍ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും ഖേദകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘ദയവുചെയ്ത് എന്നെ എന്റെ വഴിക്ക് വിടുക,’ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
നിഷ പുരുഷോത്തമന് ഡിസംബറോടുകൂടി മനോരമ ന്യൂസില്‍ നിന്ന് രാജിവെക്കുമെന്നും അവര്‍ നോട്ടീസ് പിരിയഡിലാണെന്നുമായിരുന്നു ഇന്നലെ ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയില്‍ പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ അടുത്ത ബന്ധം കാരണം നിര്‍ണ്ണായകമായ ചില പദവികള്‍ നിഷയെ തേടിയെത്താന്‍ സാധ്യതയുണ്ടെന്നും വനിതാ കമ്മീഷന്, വിവരാവകാശ കമ്മീഷന്, പി.എസ്.സി തുടങ്ങിയ പ്രധാന പദവികളില്‍ ഒന്നിലേക്ക് അവരെ പരിഗണിച്ചേക്കുമെന്ന് വ്യാപകമായ ചര്‍ച്ചകളുണ്ടെന്നും ആ വീഡിയോയില്‍ പറഞ്ഞിരുന്നു.
Content Highlight: Nisha Purushothaman About Fake News About Being Appouinted in Higher Government Position