ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി നിര്‍ഭയയുടെ അമ്മ ആശാ ദേവി. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവര്‍ മത്സരിക്കുന്നുവെന്നായിരുന്നു പ്രചാരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ആശാ ദേവി വ്യക്തമാക്കി. ഇന്ത്യാ ടുഡേയോടായിരുന്നു ആശാദേവിയുടെ പ്രതികരണം.
‘രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ യാതൊരു ഉദ്യേശവുമില്ല. തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധവുമില്ല. ഇനി പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ പോലും ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പോകുന്നില്ല.’ ആശാ ദേവി പറഞ്ഞു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിര്‍ഭയയുടെ അമ്മ മത്സരിക്കുന്നുവെന്ന വാര്‍ത്ത ആദ്യം ട്വീറ്റ് ചെയ്തത് ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നാലെ ആശാ ദേവിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കിതി ആസാദ് ഇത് റീട്വീറ്റ് ചെയ്യുകയായിരുന്നു.
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ വിമര്‍ശനവുമായി ആശാദേവി രംഗത്തെത്തിയിരുന്നു. ‘ഇതുവരെ താന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല, എന്നാല്‍ ഇന്ന് ഞാന്‍ അത് പറയാന്‍ ആഗ്രഹിക്കുകയാണ്. 2012 ല്‍ ആരൊക്കെയാണോ തെരുവിലിറങ്ങിയത് ഇന്ന് അതേ ആളുകള്‍ തന്നെ എന്റെ മകളുടെ മരണം രാഷ്ടീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നായിരുന്നു’ ആശാദേവിയുടെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ