| Saturday, 18th January 2020, 1:31 pm

എന്നോട് ഇത്തരത്തില്‍ നിര്‍ദേശിക്കാന്‍ അവര്‍ ആരാണ്?; മകളെ ലൈംഗികാക്രമണത്തിനിരയാക്കി കൊലചെയ്ത പ്രതികളെ മറക്കണമെന്ന് പറഞ്ഞ അഭിഭാഷകയോട് നിര്‍ഭയയുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദല്‍ഹിയില്‍ കൂട്ടലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മാപ്പു കൊടുക്കണമെന്നാണ് ഇന്ദിരാ ജയ്‌സിംഗ് നിര്‍ഭയയുടെ അമ്മയോട് നിര്‍ദേശിച്ചത്.

ഇത്തരത്തിലുള്ള ഒരു നിര്‍ദേശം തനിക്ക് തരാന്‍ ഇന്ദിരാ ജയ്‌സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരാണ് ഇന്ദിരാ ജയ്‌സിംഗ്? ഇത്തരത്തിലൊരു നിര്‍ദേശം അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ശനിയാഴ്ച ആശാ ദേവി പറഞ്ഞു. രാജീവ് ഗാന്ധി വധത്തിന്റെ കുറ്റവാളി നളിനിക്ക് സോണിയ ഗാന്ധി മാപ്പ് കൊടുത്തതുപോലെ മകളുടെ കൊലയാളികള്‍ക്ക് നിങ്ങള്‍ക്കും മാപ്പ് കൊടുത്തുകൂടേ എന്നാണ് ഇന്ദിരാ ജയ്‌സിംഗ് ചോദിച്ചത്.

ലൈംഗികാക്രമണത്തിനിരയായി മകള്‍ കൊല്ലപ്പെട്ട കേസില്‍ നീതി നടപ്പിലാവാത്തത് ഇന്ദിരാ ജയ്‌സിംഗിനെപ്പോലുള്ള ആളുകള്‍ കാരണമാണെന്നും ആശാ ദേവി പറഞ്ഞു.

‘സുപ്രീം കോടതിയില്‍ വെച്ച് ഞാന്‍ അവരെ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നുവരേയും അവര്‍ എന്റെ സാഹചര്യങ്ങളെപ്പറ്റി ചോദിച്ചിട്ടില്ല.

ഇന്ന് അവര്‍ പ്രതികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ചില ആളുകള്‍ എപ്പോളും ലൈംഗികാക്രമണ മനോഭാവമുള്ളവരെ പിന്തുണച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ലൈംഗികാക്രമണങ്ങള്‍ ഒരിക്കലും അവസാനിക്കില്ല’, ആശാ ദേവി പറഞ്ഞു.

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചതില്‍ ആശാ ദേവി നിരാശ പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുമെന്നാണ് തീരുമാനം. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരുടെ ശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നടപ്പാക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കിയിരുന്നു.

We use cookies to give you the best possible experience. Learn more