വാഷിങ്ടണ്‍: നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി യു.എസില്‍ അറസ്റ്റില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും സി.ബി.ഐയുടേയും അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബെല്‍ജിയം പൗരനായ നേഹല്‍ മോദിയെ ഇന്നലെയാണ് (ജൂലൈ നാല്) കസ്റ്റഡിയിലെടുത്തത്. അപ്പീലിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യക്ക് കൈമാറുന്നത് വൈകും.
കൈമാറ്റ നടപടികളുടെ അടുത്ത വാദം ജൂലൈ 17 നാണ്. ഈയവസരത്തില്‍ നേഹല്‍ ജാമ്യത്തിനായി അപേക്ഷിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് യു.എസ് പ്രോസിക്യൂഷന്‍ അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദിക്കൊപ്പം പ്രതിയാണ് നേഹല്‍ മോദി. രാജ്യത്ത് നിന്ന് പണം വെട്ടിച്ച് കടത്തിയതിന് സി.ബിഐയും കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നെഹലിനെതിരെ കേസ് എടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും നീരവ് മോദിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വ്യാജമായ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (എല്‍.ഒ.യു) ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഏകദേശം 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം നടത്തുന്നുണ്ട്.
നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് യു.കെ ഹൈക്കോടതി ഇതിനകം അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിരവധി അപ്പീലുകള്‍ ഉള്ളതിനാല്‍ കൈമാറ്റം വൈകുകയാണ്. നിലവില്‍ ലണ്ടന്‍ ജയിലിലാണ് നീരവ്. 2019 ല്‍ നീരവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തതായി ബെല്‍ജിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2018 ല്‍ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത ചോക്സി അന്നുമുതല്‍ ആന്റിഗ്വയിലും ബാര്‍ബുഡയിലുമാണ് താമസം.
Content Highlight: Nirav Modi’s brother Nehal Modi arrested in US in bank fraud case