ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് നിരഞ്ജ് മണിയന്‍പിള്ള രാജു. നടനും നിര്‍മാതവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ കൂടിയായ താരം ആ ലേബലിലാണ് സിനിമയില്‍ അറിയപ്പെട്ട് തുടങ്ങിയത്. ഫൈനല്‍സ്, മധുര മനോഹര മോഹം, ഡിയര്‍ വാപ്പി തുടങ്ങിയ സിനിമകളിലഭിനയിച്ച നിരഞ്ജിന്റെ മസ്തിഷ്‌ക മരണം എന്ന സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ താന്‍ അഭിനയിച്ച ഫൈനല്‍സ് സിനിമയെ കുറിച്ച് സംസാരിക്കുകയാണെന്ന് അദ്ദേഹം. ഫൈനല്‍സിന്റെ കഥ ആദ്യം കേട്ടത് തന്റെ അച്ഛനായിരുന്നുവെന്ന് നടന്‍ പറയുന്നു.
‘അരുണ്‍ ചേട്ടന്‍ മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട വര്‍ക്കുകളിലായിരുന്നു അപ്പോള്‍. ഈ സിനിമയില്‍ ഓടാനും ചാടാനും ഭാരം കുറക്കാനും പോലുള്ള കുറെ ഫിസിക്കല്‍ ആക്ടിവീറ്റീസുണ്ടെന്ന് അരുണ്‍ ചേട്ടന്‍ ആദ്യമെ പറഞ്ഞിരുന്നു. ഞാന്‍ അത് ചെയ്യാന്‍ തയ്യാറായിരുന്നു. പിന്നീട് അദ്ദേഹത്തെ പോയി കാണുകയും ചെയ്തു.
‘ ഞാന്‍ എന്തും ചെയ്യും എന്നെ രക്ഷിക്കണം’ എന്നാണ് ഞാന്‍ പറഞ്ഞത്, കാരണം അരുണേട്ടന്റെ മനസില്‍ മറ്റൊരു അഭിനേതാവായിരുന്നു ഫൈനല്‍സില്‍. എന്നാല്‍ അദ്ദേഹം അപ്പോഴും കണ്‍വിന്‍സ്ഡല്ലായിരുന്നു. പക്ഷേ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് എന്നെ വിളിച്ച് പറയുമായിരുന്നു, ‘ നീ ഇങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല, എന്റെ അഭിപ്രായം ഇങ്ങനെയല്ലായിരുന്നു’ എന്ന്.
എന്നാല്‍ ഫൈനല്‍സ് സിനിമ ഇപ്പോള്‍ കാണുമ്പോള്‍ കുറച്ചുകൂടി നന്നായി പെര്‍ഫോം ചെയ്യാമെന്ന് തോന്നാറുണ്ടെന്നും അത് എല്ലായിപ്പോഴും ഒരു അഭിനേതാവിന് തോന്നുന്ന കാര്യമാണെന്നും നിരഞ്ജ് പറഞ്ഞു. മസ്തിഷ്‌ക മരണം വിജയമായതില്‍ സന്തോഷമുണ്ടെന്നും സിനിമ വര്‍ക്കാവതെ പോയവരുണ്ടെങ്കിലും ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നും നടന്‍ പറഞ്ഞു. പിന്നെ എല്ലാം പ്രേക്ഷകരെ അനുസരിച്ചിരിക്കുമെന്നും എന്നാലും സിനിമ കണ്ട് തങ്ങള്‍ക്ക് വര്‍ക്കായെന്ന് നിരവധി ആളുകള്‍ മെസേജ് അയച്ചിരുന്നുവെന്നും നിരഞ്ജ് പറഞ്ഞു.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവും, പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്ന് നിര്‍മിച്ച ഫൈനല്‍സ് സ്‌പോര്‍ട്‌സ് ഴോണറിലാണ് എത്തിയത്. സിനിമയില്‍ രജീഷ വിജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.
Content Highlight: Niranj Maniyanpillai talks about the movie Finals