| Thursday, 5th March 2026, 6:13 pm

കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാത്ത നെപ്പോ കിഡ്, മസ്തിഷ്‌കമരണത്തിലൂടെ കൃഷാന്ദ് കൈപിടിച്ചുയര്‍ത്തിയ നിരഞ്ജ്

അമര്‍നാഥ് എം.

സൂപ്പര്‍താരങ്ങളുടെ മക്കളെ കണ്ണുംപൂട്ടി പിന്തുണക്കുന്നവരല്ല മലയാളത്തിലെ സിനിമാപ്രേമികള്‍. ആദ്യചിത്രത്തില്‍ അഭിനയത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ഫഹദ് ശക്തമായി തിരിച്ചുവന്നതിന് ശേഷം സിനിമാലോകം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാത്ത നെപ്പോ കിഡ് എന്ന് പറയാവുന്ന നടനാണ് നിരഞ്ജ് മണിയന്‍പിള്ള രാജു.

മണിയന്‍പിള്ള രാജുവിന്റെ മകനെന്ന ലേബലിലാണ് നിരഞ്ജ് സിനിമാലോകത്തേക്ക് കടന്നുവന്നത്. 2013ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസാണ് നിരഞ്ജിന്റെ ആദ്യചിത്രം. ആറ് വര്‍ഷത്തിന് ശേഷമാണ് നിരഞ്ജിന് കരിയറില്‍ ബ്രേക്ക്ത്രൂ ലഭിക്കുന്നത്. അരുണ്‍ പി.ആര്‍ സംവിധാനം ചെയ്ത ഫൈനല്‍സില്‍ നിരഞ്ജിന്റേത് ഗംഭീര പ്രകടനമായിരുന്നു.

നിരഞ്ജ് മണിയന്‍പിള്ള രാജു Photo: Screen grab/ Sony LIV

പിന്നീട് നിരഞ്ജിലെ നടനെ അടയാളപ്പെടുത്താന്‍ കൃഷാന്ദ് എന്ന സംവിധായകന്‍ വേണ്ടിവന്നു. കഴിഞ്ഞവര്‍ഷത്തെ ഗംഭീര വെബ് സീരീസുകളിലൊന്നായ സംഭവ വിവരണം നാലര സംഘത്തില്‍ നിരഞ്ജിന്റെ പ്രകടനത്തെ പലരും അഭിനന്ദിച്ച് രംഗത്തെത്തി. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ് ലോക്കല്‍ ഗ്യാങ്‌സ്റ്റര്‍ കഥയില്‍ അല്‍ത്താഫെന്ന കഥാപാത്രമായി നിരഞ്ജ് നിറഞ്ഞുനിന്നു.

തിരുവനന്തപുരം ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും തനിക്കാകുമെന്ന് നിരഞ്ജ് തെളിയിച്ചു. സംഭവവിവരണം വെറും സാമ്പിളാണെന്ന് നിരഞ്ജ് പറയാതെ പറയുകയായിരുന്നു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന മസ്തിഷ്‌ക മരണത്തില്‍ നായകനായി കൈയടി നേടിയത് നിരഞ്ജായിരുന്നു.

ബിമല്‍ എന്ന കഥാപാത്രമായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് നിരഞ്ജ് കാഴ്ചവെച്ചത്. പ്രേക്ഷകര്‍ക്ക് അത്രപെട്ടെന്ന് കണക്ടാകാത്ത ഴോണറില്‍ പറഞ്ഞ കഥയാണ് മസ്തിഷ്‌ക മരണത്തിന്റേത്. ആദ്യ സീന്‍ മുതല്‍ തന്റെ കഥാപാത്രത്തിന്റെ ഗ്രാഫ് താഴാതെ നിരഞ്ജ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. കോമഡിയും ഇമോഷനും സമാസമം ചേര്‍ന്ന പ്രകടനമായിരുന്നു നിരഞ്ജിന്റേത്.

ആവസാവ്യൂഹം എന്ന ചിത്രം കണ്ട് ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ചാണ് നിരഞ്ജ് കൃഷാന്ദിനെ പരിചയപ്പെട്ടതെന്നും പിന്നീട് താന്‍ അദ്ദേഹത്തെ ചാക്കിട്ട് പിടിക്കുകയായിരുന്നെന്നും അടുത്തിടെ പറഞ്ഞിരുന്നു. തനിക്ക് വേണ്ട അവസരങ്ങള്‍ തേടിപ്പിടിച്ച് അതില്‍ തിളങ്ങുന്ന നിരഞ്ജാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച.

കഴിവുണ്ടായിട്ടും മലയാള സിനിമ വേണ്ട രീതിയിലുള്ള പരിഗണന നിരഞ്ജിന് നല്‍കാറില്ലെന്നും ഇനി അതില്‍ മാറ്റമുണ്ടാകുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങുമെന്നാണ് നിരഞ്ജിന്റെ പ്രകടനത്തെക്കുറിച്ചുള്ള കമന്റുകള്‍.

Content Highlight: Niranj Maniyanpilla Raju’s performance in Masthishka Maranam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more