| Thursday, 5th March 2026, 10:48 am

ഒഡിഷനൊന്നും കിട്ടിയിട്ടില്ല, മണിയന്‍പിള്ള രാജുവിന്റെ മകനായത് കൊണ്ട് അവന് സിനിമ കിട്ടിക്കോളും എന്നാണ് എല്ലാവരുടെയും ധാരണ; നിരഞ്ജ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ സീനിയര്‍ താരങ്ങളുടെ മക്കള്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്നത് ഇന്ന് പുതിയ സംഭവമല്ല. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലുമെല്ലാം ഇതിന് ഉദാഹരണമാണ്. നെപ്പോ പ്രൊഡക്ടുകള്‍ എന്ന് പലരും ഇവരെ പരിഹാസത്തോടെ വിളിക്കാറുമുണ്ട്. എന്നാല്‍ ആദ്യ ചിത്രങ്ങളിലേക്ക് മാത്രമേ ഇവര്‍ക്ക് പിന്തുണ ലഭിക്കുകയുള്ളൂവെന്നും പിന്നീടെല്ലാം വ്യക്തികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ഇതിനെ പ്രതിരോധിക്കാറുള്ളത്.

മസ്തിക മരണത്തില്‍ നിരഞ്ജ്. Photo: The New Indian Express

കൃഷന്ദ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ മസ്തിഷ്‌ക മരണം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നിരഞ്ജ് മണിയന്‍ പിള്ളയുടെ പേരാണ് ഇത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയിലേക്ക് വന്നിരിക്കുന്നത്. മലയാളത്തിലെ സീനിയര്‍ താരവും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകനായ നിരഞ്ജ് സിനിമയിലെത്തുന്നതിന് വേണ്ടി താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞതാണ് ചര്‍ച്ചകള്‍ക്ക് ആധാരം, യൂട്യൂബ് ചാനലായ ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് നിരഞ്ജ് തന്റെ അനുഭവം പങ്കുവെച്ചത്.

മണിയന്‍പിള്ള രാജുവിന്റെ മകനെന്ന നിലയില്‍ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഓഡിഷന്‍സെല്ലാം താന്‍ ഒരുപാട് പങ്കെടുത്തിട്ടുണ്ടെങ്കിലും ഷോട്ട് ലിസ്റ്റ് ചെയ്യപ്പെടുകയല്ലാതെ സെലക്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് താരം പറയുന്നു. എല്ലാവരോടും ചോദിക്കുന്നുണ്ടെങ്കിലും അവന്‍ മണിയന്‍ പിള്ളയുടെ മകനല്ലേ അവന് കിട്ടിക്കൊള്ളും എന്നാണ് പലരുടെയും വിചാരമെന്നും നിരഞ്ജ് പറയുന്നു.

‘എല്ലാത്തിന്റെയും ഇടയില്‍പെട്ട് നില്‍ക്കുന്ന അവസ്ഥയാണത്. ആദ്യ പടം വെച്ച് നോക്കുകയാണെങ്കില്‍ എനിക്ക് ഒരുപാട് ആഗ്രഹമുള്ള ഫിലിംമേക്കേഴ്‌സിനൊപ്പമൊന്നും വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. അവരുടെ ഫ്രെയിമിലൊന്നും ഞാനില്ല. എന്റെ കരിയറില്‍ അന്നേ വരെ ചെയ്തതില്‍ വെച്ച് മെച്ചപ്പെട്ട ചിത്രമായിരുന്നു ഫൈനല്‍. അത് കഴിഞ്ഞപ്പോള്‍ അത്യാവിശ്യം നല്ല റിവ്യൂവെല്ലാം വന്നു. അതില്‍ പിടിച്ച് കയറാമെന്ന് വിചാരിച്ചപ്പോഴാണ് കൊറോണ വന്നതും ലോക്ക് ഡൗണായതും.

സിനിമയില്‍ ടാലന്റിന് പുറമെ ഭാഗ്യം പോലുള്ള ഒരുപാട് ഫാക്ടറുകളുണ്ടെങ്കിലേ നിലനിന്ന് പോകാന്‍ പറ്റുകയുള്ളൂ. സിനിമയില്‍ അവസരം ചോദിച്ച് ഒരു നൂറ് മെസേജ് അയക്കുന്ന കൂട്ടത്തില്‍ അനുകൂലമായി ലഭിക്കുന്ന ഒരു മെസേജാണ് കൃഷന്ദ് ചേട്ടന്റെ പടത്തിലേക്കുള്ള അവസരം,’ നിരഞ്ജ് പറയുന്നു.

മസ്തിഷ്‌ക മരണം. Photo: Book My Show

വീട്ടില്‍ നിന്ന് ഭക്ഷണമെല്ലാം കിട്ടുമെങ്കിലും ബോബി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം തന്റെ സ്വന്തം ചെലവിലാണ് ജീവിക്കുന്നതെന്നും അല്ലാതെ നൂറ് സ്‌ക്രിപ്റ്റിന്റെ ഇടയില്‍ ഞാനിത് തെരഞ്ഞെടുക്കുന്നു എന്ന രീതിയിലല്ല തന്റെ ജീവിതമെന്നും അദ്ദേഹം പറയുന്നു. ഒരു പടത്തിലെ തന്റെ അഭിനയം കണ്ടിട്ട് അച്ചന്‍ രൂഷമായി വിമര്‍ശിച്ചെന്നും എന്നാല്‍ നല്ലത് കാണുമ്പോള്‍ അദ്ദേഹം അഭിനന്ദിക്കാറുണ്ടെന്നും നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Niranj Maniyan Pilla Raju talks about the challenged faced by him to enter cinema

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more