| Friday, 6th March 2026, 11:15 am

എയറിലാകുമോ എന്ന പേടിയൊന്നും എനിക്കിപ്പോള്‍ ഇല്ല; സോഷ്യല്‍ മീഡിയ ഒരു ഫില്‍ട്ടറില്ലാത്ത പ്ലാറ്റ്‌ഫോം: നിരഞ്ജ് മണിയന്‍പിള്ള രാജു

ഐറിന്‍ മരിയ ആന്റണി

ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് നിരഞ്ജ് മണിയന്‍പിള്ള രാജു. നടനും നിര്‍മാതവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ കൂടിയായ താരം ആ ലേബലിലാണ് സിനിമയില്‍ അറിയപ്പെട്ട് തുടങ്ങിയത്. ഫൈനല്‍സ്, മധുര മനോഹര മോഹം, ഡിയര്‍ വാപ്പി തുടങ്ങിയ സിനിമകളിലഭിനയിച്ച നിരഞ്ജിന്റെ മസ്തിഷ്‌ക മരണം എന്ന സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ചിത്രം ഇറങ്ങിയതിന് പിന്നാലെ നടന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. നെപ്പോ കിഡ് എന്ന ടാഗ്‌ലൈനില്‍ നിന്ന് വളര്‍ന്ന് വരാന്‍ കഴിവുള്ള നടനാണ് നിരഞ്ജ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ മസ്തിഷ്‌ക മരണം സിനിമയെ കുറിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ കുറിച്ചും സംസാരിക്കുകയാണ് നിരഞ്ജ്.

‘സോഷ്യല്‍ മീഡിയയില്‍ എയറില്‍ ആകുമോ എന്നുള്ള പേടിയൊക്കെ ഇപ്പോള്‍ പോയി. മസ്തിഷ്‌ക മരണം സിനിമയിലും അത്തരം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. സിനിമയില്‍ മസ്തിഷ്‌ക മരണം ഒരാള്‍ക്ക് സംഭവിക്കുന്നുണ്ട്. പക്ഷേ, ശരിക്കും നമ്മളെല്ലാവരും തന്നെ ടെക്‌നോളജിയും മറ്റും ഉപയോഗിച്ച് ഒരോ ദിവസവും ഇഞ്ചിഞ്ചായി മരിച്ച് കൊണ്ടിരിക്കുകയാണ്. അതും സിനിമ അഡ്രസ് ചെയ്യുന്നുണ്ട്.

പിന്നെ സോഷ്യല്‍ മീഡിയ ഒരു ഫില്‍ട്ടറില്ലാത്ത പ്ലാറ്റ്‌ഫോമാണ്. ചില പോസ്റ്റിന് താഴെ കാണുന്ന കമന്റുകള്‍ കണ്ടാല്‍ നമുക്ക് അത് മനസിലാകും. ഒരു ഫേക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് കൊണ്ട് അവര്‍ക്ക് എന്ത് വേണമെങ്കിലും പറയാന്‍ കഴിയും. എന്തൊക്കെ പറഞ്ഞാലും ആരൊക്കെ നോവിച്ചാലും അത് കണക്കില്‍ വരില്ല എന്നൊരു ചിന്തയുണ്ടാകും,’ നിരഞ്ജ് പറയുന്നു.

എന്നാല്‍ നമ്മുടെയുള്ളില്‍ ഒരു മൊറാലിറ്റി വേണമെന്നും നമ്മള്‍ എന്താണ് പറയുന്നത് ആരെയാണ് പറയുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ ഒരു ധാരണയുണ്ടാകണമെന്നും നടന്‍ പറഞ്ഞു. അത് സോഷ്യല്‍ മീഡിയയില്‍ ഇല്ലെന്നും ഒരു വ്യക്തിയെ കുറിച്ച് എന്തെങ്കിലും ഒരു വിവരം കിട്ടി കഴിഞ്ഞാല്‍ മുന്‍വിധികള്‍ ഒരുപാട് ഉണ്ടാകുമെന്നും നിരഞ്ജ് പറഞ്ഞു.

കൃഷന്ദിന്റെ സംവിധാനത്തില്‍ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത സൈബര്‍പങ്ക് ഴോണറിലൊരുങ്ങിയ ചിത്രം 2046ലെ കൊച്ചി നഗരത്തെയാണ് കാണിക്കുന്നത്.

ഗഗനചാരി എന്ന സിനിമയ്ക്ക് ശേഷം അജിത്ത് വിനായക ഫിലിംസും കൃഷന്ദ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘മസ്തിഷ്‌ക മരണം എ ഫ്രാങ്കെന്ബിറ്റ് ഓഫ് സൈമണ്‍സ് മെമ്മറീസ്’. ചിത്രത്തില്‍ രജിഷ വിജയന്‍, ആന്‍ ജമീല സലീം, ശാന്തി ബാലചന്ദ്രന്‍, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

Content highlight: Niranj is talking about masy cinema and social media platforms 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more