| Saturday, 19th August 2023, 11:17 pm

എന്നെ വാഴ നിരഞ്ജനെന്ന് വിളിക്കാതിരുന്നാല്‍ മാത്രം മതി, ടൈറ്റില്‍ നല്ലതാണ്: നിരഞ്ജ് മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്‍ വാഴ വെച്ചു എന്ന തന്റെ സിനിമയുടെ ടൈറ്റിലിനെ കുറിച്ച് സംസാരിക്കുകയാണ് നിരഞ്ജ് മണിയന്‍പിള്ള രാജു. ക്യൂരിയോസിറ്റി ഉണര്‍ത്തുന്ന ടൈറ്റിലാണിതെന്നും ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം കേട്ടുവരുന്ന ഒരു വാചകമാണിതെന്നും അതുകൊണ്ട് ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുമെന്നും താരം പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്യൂരിയോസിറ്റി ഉണര്‍ത്തുന്ന ടൈറ്റിലാണ്. എവിടെയെങ്കിലും ഒരു പോസ്റ്റര്‍ കണ്ടാല്‍ എന്തായാലും ഒന്ന് ശ്രദ്ധിക്കും, ഇതെന്താ സംഭവമെന്ന് വിചാരിച്ച് നോക്കും. സംസ്‌കൃതത്തില്‍ നിന്ന് കടുകട്ടിയുള്ള വാക്ക് എടുത്തിട്ടാല്‍ പോലും സ്‌ക്രോള്‍ ചെയ്ത് പോകുമായിരിക്കും. പക്ഷെ ഇത് കണ്ടാല്‍ ഇതെന്താ സംഭവം എന്ന് വിചാരിച്ച് നോക്കും, ഒന്ന് കളിയാക്കാന്‍ വേണ്ടിയെങ്കിലും കമന്റ് വരുമായിരിക്കും. അങ്ങനെ കമന്റ്‌സ് വരുകയും ചെയ്തു. ഇപ്പോള്‍ ഒരുപാട് വ്യത്യസ്തമായ ടൈറ്റിലുകള്‍ വരുന്നുണ്ട്. കൂതറ എന്ന ടൈറ്റിലുണ്ട്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ടൈറ്റിലുണ്ട്. വ്യത്യസ്ഥമായ ടൈറ്റിലുള്ള ഒരു ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. അതുകൊണ്ട് അച്ഛനൊരു വാഴ വെച്ചു എന്നത് ഔട്ട് ഓഫ് ദി ഓര്‍ഡിനറി ഒന്നുമല്ല. നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകവുമാണ്. ആരെങ്കിലും എന്തെങ്കിലും പ്രശ്‌നം കാണിച്ചാല്‍ മക്കളെ പറ്റി പറയുന്നത് കൂടിയാണ്, അച്ഛന്‍ ഒരു വാഴ വെച്ചാല്‍ മതിയായിരുന്നെന്ന്. സ്ഥിരം കേട്ടുവരുന്നതാണിത്, അതുകൊണ്ട് ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുമായിരിക്കും,’ നിരഞ്ജ് മണിയന്‍പിള്ള രാജു പറഞ്ഞു.

ടൈറ്റില്‍ നല്ലത് തന്നെയാണെന്നും തന്നെ വാഴ നിരഞ്ജനെന്ന് വിളിക്കാതിരുന്നാല്‍ മതിയെന്നും താരം പറഞ്ഞു. പടം കണ്ടുകഴിയുമ്പോള്‍ ആരാണ് വാഴയെന്ന ചോദ്യം വരാന്‍ ചാന്‍സുണ്ടെന്നും നിരഞ്ജ് പറഞ്ഞു.

‘പടം കണ്ടുകഴിയുമ്പോള്‍ ആരാണ് വാഴയെന്ന ചോദ്യം വരാന്‍ ചാന്‍സുണ്ട്. കാരണം അതിനകത്ത് പല ക്യാരക്ടറിന്റെയും ട്രാന്‍സിഷനും സ്വഭാവങ്ങളുമൊക്കെ മാറുന്ന പരിപാടികള്‍ ഉണ്ട്. അത് ഞാനിലാണ് തുടങ്ങുന്നത്, എന്റെ ഒരു മോശം സ്വഭാവം എന്ന രീതിയിലാണ് പടം തുടങ്ങുന്നത്. പിന്നെ അങ്ങോട്ട് മാറും. എന്നെ വാഴ നിരഞ്ജനെന്ന് വിളിക്കാതിരുന്നാല്‍ മാത്രം മതി, ടൈറ്റില്‍ നല്ലത് തന്നെയാണ്. പിന്നെ ടൈറ്റില്‍ അങ്ങനെ വെക്കുമ്പോള്‍ എന്റെയും ധ്യാന്‍ ചേട്ടന്റെയുമൊക്കെ ചിത്രങ്ങള്‍ വരുന്നുണ്ട് അതില്‍. ആളുകള്‍ ഇത് കാണുമ്പോള്‍ ഇവനായിരിക്കും വാഴ, അല്ലേലും ഇവനൊരു വാഴയാ എന്നൊക്കെ കമന്റ് വരുമ്പോഴേക്കും നമുക്ക് ഉള്ളിലൊരു വിഷമം ഉണ്ടാകും, വെറുതേ ഈ വിളിയൊക്കെ കേള്‍ക്കേണ്ടി വരുന്നല്ലോയെന്ന അവസ്ഥ വരില്ലേ. പക്ഷെ അതൊന്നും നോക്കിയിട്ടു കാര്യമില്ല, സിനിമകള്‍ക്ക് പല ടൈറ്റിലുകള്‍ വരും,’ നിരഞ്ജ് പറഞ്ഞു.

Content Highlights: niraj maniyanpilla raju talks about achan oru vazhavechu tittle

Latest Stories

We use cookies to give you the best possible experience. Learn more