| Thursday, 11th June 2026, 8:10 pm

നിപ: പൂനെയിലെ പരിശോധനാ ഫലവും പോസിറ്റീവ്; റൂട്ട് മാപ്പ് പുറത്തുവിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഫാറൂഖ് കോളജ് സ്വദേശിയായ യുവാവിന് നിപ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കോഴിക്കോട് മൈഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്നാണ് വിവരം. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്.

അതേസമയം, നിപ ബാധിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 11 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ല.

നിപ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 0495 2373 901, 9072007767 എന്നീ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

രോഗം പടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിപ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ മരുന്നുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫാറൂഖ് കോളജ് പ്രദേശത്തും അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി കോഴിക്കോട് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.

രോഗലക്ഷണങ്ങളോടെ യുവാവ് നേരത്തെ രണ്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഫറോക്കിലെയും മാങ്കാവിലെയും ആശുപത്രികളിലാണ് ചികിത്സ നേടിയത്. ഈ ആശുപത്രികളില്‍ ഒ.പിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ക്വാറന്റൈനിലേക്ക് മാറ്റും.

മാങ്കാവിലെ ആശുപത്രിയില്‍ നിന്നാണ് യുവാവിന്റെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരുന്നു. യുവാവിന്റെ ബന്ധുകളായ അഞ്ചുപേരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല.

ബിസിനസുകാരനായ യുവാവ് തന്റെ ഗോഡൗണ്‍ വൃത്തിയാക്കിയ ശേഷമാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വവ്വാലുകളുടെ സാന്നിദ്ധ്യമുള്ള ഈ ഗോഡൗണില്‍ നിന്നാണ് രോഗബാധയെന്ന് സംശയിക്കപ്പെടുന്നു.

Content Highlight: Nipah: Pune Virology Result of patient admitted in Kozhikode

We use cookies to give you the best possible experience. Learn more