| Tuesday, 4th June 2019, 6:00 pm

നിപ ശുചീകരണ തൊഴിലാളികളുടെ സ്ഥിര നിയമനം; നിരാഹാര സമരം ഒമ്പതാം ദിവസം പിന്നിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത ശുചീകരണ തൊഴിലാളികളുടെ നിരാഹാര സമരം ഒമ്പതാം ദിവസം പിന്നിടുന്നു. സ്ഥിര നിയമനം എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിനായി മെയ് 27 മുതല്‍ ഇവര്‍ വീണ്ടും അനിശ്ചിത കാല സമരം ആരംഭിക്കുകയായിരുന്നു.

നിപ കാലത്ത് മെഡിക്കല്‍ കോളജില്‍ ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ പിരിച്ചു വിടലിനെ തുടര്‍ന്ന് ജനുവരി നാലിന് സമരം ആരംഭിച്ചിരുന്നു. നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെല്ലാം ഭീതി മൂലം മാറിനിന്നപ്പോള്‍ പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ പിടിച്ചു നിര്‍ത്തിയത് അന്ന് ജോലി ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന ഈ 45 ജീവനക്കാരാണ്.

ആദ്യം നിരാഹാരമിരുന്ന ഇ.പി രജീഷിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പൊലീസ്, കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജിന് മുന്നിലെ സമരപ്പന്തലില്‍ നിന്നും അറസ്റ്റു ചെയ്തു നീക്കിയിരുന്നു. അതിനു ശേഷം ശുചീകരണ തൊഴിലാളിയായ പ്രേമ വി.എന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.

സമരം ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്‍ക്കാരോ മെഡിക്കല്‍ കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ഒന്നാം നിരാഹാര സമരം മെഡിക്കല്‍ കോളേജ് അധികൃതരും ആരോഗ്യമന്ത്രിയും ഇടുപെട്ട് ഒത്തു തീര്‍പ്പാക്കിയെങ്കിലും സ്ഥിരം ജോലിയെന്ന ഉറപ്പ് ഇതു വരെ പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് വീണ്ടും നിപാ കാലത്തെ ശുചീകരണ തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കി തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും സര്‍ക്കാര്‍ ശേഖരിച്ചിരുന്നു. എന്നാല്‍ നീണ്ടുപോകുന്ന കാത്തിരിപ്പ് ഇവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുകയാണ്.

We use cookies to give you the best possible experience. Learn more