| Sunday, 14th June 2026, 1:48 pm

നിപയെ രാഷ്ട്രീയ ആയുധമാക്കുന്നില്ല; രോഗ വ്യാപനം ആര് ഭരിക്കുന്നുവെന്ന് നോക്കിയല്ല വരുന്നതെന്ന് ആരോഗ്യ മന്ത്രി തിരിച്ചറിഞ്ഞെന്ന് കരുതുന്നു: പിണറായി

നിഷാന. വി.വി

തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട് ഏകോപനം കൃത്യമായ രീതിയില്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രോഗ വ്യാപനവും വൈറസ് വ്യാപനവും ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല വരുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം ഈ ഒരു മാസത്തിനുള്ളില്‍ തന്നെ ആരോഗ്യ മന്ത്രിക്ക് ഉണ്ടായി എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായെന്നും എന്നാല്‍ വ്യാപനം തടയാനുള്ള ഏകീകരണം വേണ്ട രീതിയില്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നിപ ബാധയുണ്ടായപ്പോള്‍ അന്നത്തെ പ്രതിപക്ഷം ചെയ്തത് പോലെ നിപയെ ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ഇതിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരി വന്നപ്പോള്‍ ഭരിക്കുന്നവര്‍ക്കെതിരെ ശാപവാക്ക് പറയാന്‍ മിടുക്ക് കാണിച്ച ആരോഗ്യ മന്ത്രിയോട് പറയാനുളളത് അതേ രീതിയിലല്ല ഞങ്ങള്‍ ഇതിനെ കാണുന്നതെന്നാണ്. അധികൃതരുടെ ഭാഗത്തുണ്ടാവുന്ന ആശയകുഴപ്പമാണ് നിപ ഏകോപനത്തില്‍ ഉണ്ടാവുന്നതെന്നും ഒറ്റകെട്ടായി നിന്ന് കൊണ്ട് പ്രതിരോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ എന്നാല്‍ അതിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് നിപ ബാധയുണ്ടായപ്പോള്‍ അന്നത്തെ എല്‍.ഡി.എഫിന്റെ ആരോഗ്യ മന്ത്രി നിപ ബാധിത മേഖലകളില്‍ ക്യാമ്പ് ചെയ്ത് കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്,’ പിണറായി പറഞ്ഞു.

പക്ഷേ അത്തരമൊരു ജാഗ്രത കാണാനില്ല എന്നതാണ് നിര്‍ഭാഗ്യകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. നിപ കണ്‍ട്രോള്‍ റൂം എന്തോ ജനപ്രതിനിധികള്‍ അകന്ന് നില്‍കേണ്ട സ്ഥലമാണ് എന്ന മട്ടിലാണ് സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിപ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിന്റെ തലപ്പത്തിരിക്കുന്ന ആളെ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്ന കാര്യമല്ലെന്നും പിണറായി പറഞ്ഞു. സിസ്റ്റത്തോടുള്ള നിസ്സഹകരണം കാരണമാണ് മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സുതാര്യമായി പ്രവര്‍ത്തിച്ചു വരുന്ന സംവിധാനം നിലവിലുള്ളതാണ്.

അത് തകര്‍ക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിന് കൂട്ടുനിന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം ഉണ്ടാക്കിയത്.

പത്ത് വര്‍ഷം മുമ്പ് സ്ഥലം മാറ്റം നടന്നിരുന്നത് എങ്ങനെ എന്ന് എല്ലാവര്‍ക്കും അറിയാം. ചില തസ്തികകള്‍ക്ക് ലക്ഷങ്ങള്‍ മറിയുന്ന അവസ്ഥയായിരുന്നു. ആ കാലത്തേക്ക് തിരിച്ച് പോവാനാണോ സുതാര്യമായ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നത്,’ പിണറായി ചോദിച്ചു.

Content Highlight: Nipah is not being used as a political weapon; I think the Health Minister has realized that the spread of the disease does not depend on who is in control: Pinarayi

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more