കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍. ഇപ്പോള്‍ ചെറിയ പനിമാത്രമെയുള്ളൂവെന്നും ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങളില്‍ നിപ്പയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
രോഗം സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്‌സുമാരടക്കം അഞ്ച് പേരാണ് പനി ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ രക്തസ്രവസാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. പക്ഷേ വിദഗ്ധഡോക്ടര്‍മാരുടെ നിരീക്ഷണം ഇവരില്‍ നിപ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് തന്നെയാണ്.
പൂനെയില്‍ നിന്ന് ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റി ബോഡീസ് കൊച്ചിയിലെത്തിച്ചെങ്കില്‍ ഈ മരുന്ന് ആര്‍ക്കും നിലവില്‍ നല്‍കേണ്ട സാഹചര്യമില്ല. വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയും ഏറെ മെച്ചപ്പെട്ടു.
എന്നാല്‍ ഇതിനിടയും നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
നേരത്തെ പ്രകൃതി ചികിത്സയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങളുമായിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു.