തിരുവനന്തപുരം: റോഡിൽ വീണുകിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് നെടുമങ്ങാട് പത്തൊമ്പതുകാരൻ മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരണപ്പെട്ടത്. കാറ്ററിങ് ജോലി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെ ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം ഉണ്ടായത്.
മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. അക്ഷയ് ആയിരുന്നു വണ്ടി ഓടിച്ചത്.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥി മരണപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെയായിരുന്നു അപകടം. മറ്റ് രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിലാണ്.
നിലവിൽ കുട്ടിയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം പോസ്റ്റ് പൊട്ടി വീണ് കിടന്നത് ആരും കണ്ടില്ലെന്നും കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് അപകടകരണമെന്നും വാർഡ് മെമ്പർ പി. എം. സുനിൽ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ കെ.എസ്.ഇ.ബിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നും വാർഡ് മെമ്പർ കുറ്റപ്പെടുത്തി.
പഞ്ചായത്ത് പരാതി കൊടുത്തിട്ടും നടപടി എടുക്കാൻ തയ്യാറാവുന്നില്ലെന്നും പഞ്ചായത്ത് അംഗം കൂട്ടിച്ചേർത്തു. നിരവധി മരങ്ങൾ ഇനിയും പൊട്ടിവീഴാറായ നിലയിലാണെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Nineteen-year-old dies after being electrocuted by a fallen power line on the road