| Tuesday, 10th March 2026, 8:00 am

അഭിഷേകും ഇഷാനും സാക്ഷാല്‍ വിരാടുമില്ല; രോഹിത്തിന്റെ മാത്രം റെക്കോഡില്‍ ഇനി സഞ്ജുവടക്കം ഒമ്പത് താരങ്ങള്‍

ആദര്‍ശ് എം.കെ.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട് സമ്മാനിച്ച നിര്‍ഭാഗ്യങ്ങളെ അതേ ഗ്രൗണ്ടില്‍ ചവിട്ടിയരച്ചാണ് ഇന്ത്യ ടി-20 ലോകകപ്പ് കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടത്. മൊട്ടേരെയില്‍ നടന്ന മത്സരത്തില്‍ തങ്ങളുടെ ആദ്യ കിരീടം മോഹിച്ചെത്തിയ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ നേട്ടം.

തങ്ങളുടെ ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ അഹമ്മദാബാദില്‍ കുറിച്ചത്.

2026 ടി-20 ലോകകപ്പുമായി ഇന്ത്യ

ഇതോടെ കിരീടം നിലനിര്‍ത്തുന്ന ചരിത്രത്തിലെ ആദ്യ ടീം, സ്വന്തം തട്ടകത്തില്‍ കപ്പുയര്‍ത്തുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടങ്ങള്‍ക്ക് പുറമെ മൂന്ന് തവണ കിരീടമുയര്‍ത്തിയ ആദ്യ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ലോകകപ്പിന്റെ ആദ്യ എഡിഷനായ 2007ലും ഒമ്പതാം എഡിഷനായ 2024ലുമായിരുന്നു ഇതിന് മുമ്പ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്.

ആദ്യ ചാമ്പ്യന്‍മാര്‍

2007ല്‍ ഇന്ത്യ തങ്ങളുടെ ആദ്യ ടി-20 കിരീടം നേടുമ്പോഴും പതിറ്റാണ്ട് നീണ്ട കിരീടവരള്‍ച്ച അവസാനിപ്പിച്ച് 2024ല്‍ കപ്പുയര്‍ത്തുമ്പോഴും രോഹിത് ശര്‍മ ടീമിന്റെ ഭാഗമായിരുന്നു. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ടി-20 കിരീടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കിയിരുന്നു.

രോഹിത് ശര്‍മ ലോകകപ്പ് കിരീടവുമായി

എന്നാല്‍ ഇത്തവണ കിരീടമണിഞ്ഞതോടെ രോഹിത് ശര്‍മ മാത്രം സ്വന്തമാക്കിയ ഈ നേട്ടം ഇപ്പോള്‍ മറ്റ് ഒമ്പത് താരങ്ങളുടെ പേരില്‍ കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. 2024 ലോകകപ്പ് സ്‌ക്വാഡിലും 2026 ലോകകപ്പ് സ്‌ക്വാഡിലും ഒരുപോലെ ഇടം നേടിയ താരങ്ങള്‍ക്കാണ് ഈ റെക്കോഡ്.

സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഈ ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യയ്ക്കായി ഒന്നിലധികം താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

ഇതിന് പുറമെ രണ്ട് ലോകകപ്പ് കിരീടം സ്വന്തമാക്കിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഇവര്‍ക്കായി. രോഹിത്തിന് പുറമെ 11 വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ് ഇതിന് മുമ്പ് ഈ പട്ടികയിലുണ്ടായിരുന്നത്.

ഡാരന്‍ സമ്മി, ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രേ റസല്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, മര്‍ലണ്‍ സാമുവല്‍സ്, ദിനേഷ് രാംദിന്‍, ജോണ്‍സണ്‍ ചാള്‍സ്, ലെന്‍ഡില്‍ സിമ്മണ്‍സ്, സാമുവല്‍ ബദ്രീ, സുനില്‍ നരെയ്ന്‍ എന്നിവരാണ് രോഹിത് ശര്‍മയ്ക്കും മുമ്പേ രണ്ട് ടി-20 ലോകകപ്പ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് കിരീവുമായി

2012ലെയും 2016ലെയും വെസ്റ്റ് ഇന്‍ഡീസിന്റെ ലോകകപ്പ് സ്‌ക്വാഡിലെ താരങ്ങളാണ് ഈ റെക്കോഡില്‍ ആദ്യമെത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ കിരീട നേട്ടം ആവര്‍ത്തിച്ച ആദ്യ ടീമും വിന്‍ഡീസായിരുന്നു.

ഇന്ത്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും പുറമെ ഇംഗ്ലണ്ടും കിരീട നേട്ടം ആവര്‍ത്തിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ 2010ലെയും 2022ലെയും ലോകകപ്പ് സ്‌ക്വാഡില്‍ ഒരുപോലെ ഇടം നേടിയ താരങ്ങളാരും തന്നെ ഇല്ലായിരുന്നു.

Content Highlight: Nine Indian players, including Sanju, have made it to the list of players who have won the T20 World Cup twice.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more