| Monday, 28th July 2025, 10:53 pm

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി. ഇത് സംബന്ധിച്ച അറിയിപ്പ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ചു. ഇനി ജയില്‍ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും.

വധശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങളില്‍ തീരുമാനം എടുക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. കാന്തപുരവുമായി ബന്ധമുള്ള ഷെയ്ഖ് ഉമര്‍ ഹഫീള്‍ തങ്ങള്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമെ നോര്‍ത്തേണ്‍ സെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കാളികളായി.

കാന്തപുരത്തിന് നന്ദിയറിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ എം.എല്‍.എയും രംഗത്തെത്തി. ജൂലൈ 13ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് മത പണ്ഡിതനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്.

കാന്തപുരത്തിന്‌ യെമന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ വലിയ സ്വാധീനമുണ്ട്. അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് ജൂലൈ 13ന് ലോകമെമ്പാടും സ്വാധീനമുള്ള സൂഫി പണ്ഡിതനും യെമനിലെ അറിയപ്പെടുന്ന മതനേതാവുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തു.

പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കുടുംബം മാനിക്കുകയായിരുന്നു. തുടര്‍ന്ന് 2025 ജൂലൈ 14, 15 തീയതികളിലായി നിരന്തരം ചര്‍ച്ചകള്‍ നടന്നു.

എന്നാല്‍ പിന്നീട് വധശിക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ നിരവധി അനിശ്ചിതത്വങ്ങള്‍ നിലനിന്നെങ്കിലും നിരന്തരമായ ചര്‍ച്ചകളെത്തുടര്‍ന്നാണ് നിര്‍ണാകമായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

2017ലാണ് തലാല്‍ അബ്ദു മഹ്ദിയെന്ന യെമന്‍ പൗരനെ നിമിഷ പ്രിയയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇയാളുടെ സ്പോണ്‍സര്‍ഷിപ്പില്‍ യെമനില്‍ ക്ലിനിക് നടത്തുകയായിരുന്നു നിമിഷ പ്രിയ. എന്നാല്‍ നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയ തലാല്‍ അവരെ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. 2017 മുതല്‍ നിമിഷ സനയിലെ ജയിലില്‍ കഴിയുകയാണ്.

Content Highlight: Nimishapriya’s death sentence overturned

We use cookies to give you the best possible experience. Learn more