| Sunday, 13th July 2025, 10:38 pm

നിമിഷപ്രിയയുടെ മോചനം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേ വിഷയം ഉന്നയിച്ച് കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിനും കത്തയച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷയുടെ വധശിക്ഷ ജൂലൈ 16നാണ് നിശ്ചയിച്ചിരിക്കുന്നത്.

ജൂലൈ എട്ടിന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജൂലൈ 16ന് നിമിഷയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിടുകയായിരുന്നു. പ്രസ്തുത ഉത്തരവ് ജയില്‍ മേധാവിക്ക് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ട്.

വധശിക്ഷാ തീരുമാനം സൗദിയിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

തലാല്‍ അബ്ദു മഹ്ദിയെ കൊല്ലപ്പെടുത്തി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷക്കെതിരെയുള്ള കേസ്. 2017 മുതല്‍ നിമിഷ സനയിലെ ജയിലില്‍ കഴിയുകയാണ്.

തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ യെമനില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. എന്നാല്‍ നിമിഷയുടെ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി പീഡനത്തിന് ഇരയാകാന്‍ ശ്രമിച്ചതോടെ നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തുകയായിരുന്നു. 2017ലായിരുന്നു കൊലപാതകം.

വധശിക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയും ഇറാനുംഉള്‍പ്പെടെ ഇടപെടല്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ജനുവരിയില്‍ നിമിഷപ്രിയ ഹൂത്തികളുടെ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂത്തികളാണെന്ന് ഇന്ത്യയിലെ യെമന്‍ എംബസി അറിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിമിഷപ്രിയക്കായി ഇറാന്‍ ഇടപെടല്‍ നടത്തിയത്.

മോചനവുമായി ബന്ധപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരി യെമന്‍ തലസ്ഥാനമായ സനയില്‍ എത്തിയിരുന്നു. 2020ലാണ്നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്.

Content Highlight: Nimisha Priya’s release; Chief Minister’s letter to the Prime Minister seeking urgent intervention

We use cookies to give you the best possible experience. Learn more