| Thursday, 17th July 2025, 6:08 pm

കാന്തപുരം ഇടപെട്ടതായി അറിയില്ല; നിമിഷയുടെ മോചനത്തിനായി ഇറാന്റെ സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ ഇടപെട്ടതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോര്‍ട്ടുകളും പരിശോധിക്കുന്നുണ്ട്.  എന്നാല്‍ കാന്തപുരം ഇടപെടല്‍ നടത്തിയെന്നതില്‍ അറിവില്ലെന്നും മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വാരാന്ത്യ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിമിഷയുടെ മോചനം സാധ്യമാക്കാന്‍ ഇറാന്റെ സഹായം തേടിയിട്ടുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി ഇടപെടുന്നുണ്ടെന്നും യെമനിലെ പ്രാദേശിക അതോറിറ്റിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമസഹായം നല്‍കിയിട്ടുണ്ട്. നിയമസഹായം നല്‍കുന്നതിന്റെ ഭാഗമായി അഡ്വക്കേറ്റിനെ നിമയിച്ചിട്ടുമുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. നിമിഷയുടെ മോചനം വളരെ സെന്‍സിറ്റീവായ വിഷയമാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിന് കാര്യമായതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും യെമന്‍ സെന്‍സിറ്റിവിറ്റിയുള്ള രാജ്യമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.

ഹൂത്തി നിയന്ത്രണത്തിലുള്ള മേഖലയെ ഇന്ത്യ നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനുപിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പിന്നീട് നിമിഷപ്രിയയുടെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതിന്റെ ഉത്തരവ് കാന്തപുരത്തിന്റെ ഓഫീസ് ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു.

കാന്തപുരത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യെമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ നടത്തിയ ഇടപെടലാണ് നിര്‍ണായകമായത്. ഈ ഘട്ടം വരെ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ കേന്ദ്രസര്‍ക്കാരിനും ആക്ഷന്‍ കൗണ്‍സിലിനും സാധിച്ചിരുന്നില്ല. എന്നാല്‍ ഹബീബ് ഉമറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇത് സാധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ നിമിഷയുടെ മോചനത്തിനായി കാന്തപുരം മുസ്‌ലിയാർ ഇടപെട്ടിട്ടില്ലെന്ന തരത്തില്‍ വ്യാപക പ്രചാരണമുണ്ടായി. കാസ ഉള്‍പ്പെടെയുള്ള സംഘടനകളും തീവ്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുമാണ് ഇത്തരത്തില്‍ രംഗത്തെത്തിയത്. തെറ്റായ പ്രചരണം നിമിഷയുടെ മോചനം സങ്കീര്‍ണമാക്കിയെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചിരുന്നു.

Content Highlight: Kanthapuram not known to have intervened; Ministry of External Affairs says Iran’s help sought for Nimisha’s release

We use cookies to give you the best possible experience. Learn more