| Saturday, 2nd August 2025, 9:33 pm

പണക്കൊതിയുള്ള ഒരു സംഘമുണ്ട്; ദിയാധനത്തിന്റെ പേരില്‍ പിരിവ് നടക്കുന്നില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി നിലവില്‍ ഒരു പണപ്പിരിവും നടക്കുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ അറിയിപ്പ്. നേരത്തെ മധ്യസ്ഥ ചര്‍ച്ചക്ക് വേണ്ടി പാലക്കാട് സ്റ്റേറ്റ് ബാങ്കില്‍ ഒരു ജോയിന്റ് എക്കൗണ്ട് തുറന്നിരുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

ചര്‍ച്ചക്ക് വേണ്ടി നാല്‍പതിനായിരം ഡോളര്‍ ശേഖരിക്കുകയായിരുന്നു അതിന് പിന്നിലെ ലക്ഷ്യമെന്നും ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഈ തുക ശേഖരിച്ച ശേഷം രണ്ട് തവണയായി ഇരുപതിനായിരം ഡോളര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി യെമന്‍ എംബസിക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും കൗണ്‍സില്‍ അംഗം കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് പറഞ്ഞു.

ബാക്കിയുള്ള തുക സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടില്‍ തന്നെയുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ പണിപ്പിരിവിന് വേണ്ടി ഇറങ്ങിയതായി അറിയുന്നു. ആയതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ ആക്ഷന്‍ കൗണ്‍സിലിനും ട്രഷറര്‍ എന്ന നിലയിലും വ്യക്തിപരമായി തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് പറഞ്ഞു.

ഈ കേസുമായി പണം മാത്രം കൊതിച്ച് ഒരു സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ യെമനില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാർ വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങളെ പൊളിക്കുന്ന ഇടപെടലാണെന്നും കുഞ്ഞഹമ്മദ് പ്രതികരിച്ചു.

നേരത്തെ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ചുള്ള മധ്യസ്ഥ ചര്‍ച്ചക്കായി നിയോഗിച്ച നയതന്ത്ര സംഘത്തിന് യെമനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെയും കുഞ്ഞഹമ്മദ് രംഗത്തെത്തിയിരുന്നു. മറ്റൊരു തീരുമാനം കേന്ദ്ര സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

‘സുപ്രീം കോടതി ആക്ഷന്‍ കമ്മറ്റിയോട് സര്‍ക്കാരിനെ സമീപിക്കാനാണ് പറഞ്ഞത്. അത് ഞങ്ങള്‍ ചെയ്തു. ഇപ്പോള്‍ വിദേശകാര്യ വകുപ്പ് ഞങ്ങളുടെ അപേക്ഷ തള്ളിയിരിക്കുന്നു. മധ്യസ്ഥ സംഘത്തിന് യെമനില്‍ പോകാനുള്ള വഴി മുടക്കിയിരിക്കുന്നു. കോടതിയിലേക്ക് തന്നെ വീണ്ടും പോകേണ്ടി വരും,’ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് പറഞ്ഞു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശരിയായ ഇടപെടലലിലൂടെ ശിക്ഷ വിധി റദ്ദ് ചെയ്യാനുള്ള മര്‍ക്കസിന്റെ ഇടപെടല്‍ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്നും കുഞ്ഞഹമ്മദ് ചൂണ്ടിക്കാട്ടി. നാല്‍പതിനായിരം ഡോളര്‍ വാങ്ങി ഒന്നും ചെയ്യാത്തവരുടെ കൈകള്‍ തന്നെയാകണം പിന്നില്‍. അവര്‍ക്ക് ഈ കേസ് മറ്റെന്തോ ലക്ഷ്യം വെച്ചുള്ളതാണ്. പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

Content Highlight: Action council announces that there is currently no fundraising underway for Nimishapriya’s release

We use cookies to give you the best possible experience. Learn more