| Tuesday, 15th July 2025, 1:12 pm

കാന്തപുരത്തിന്റെ ഇടപെടലിൽ ഫലം; നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കും. യെമൻ പൗരന്റെ കൊലപാതകത്തിൽ യെമൻ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കുകയായിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇടപെടൽ നടത്തിയതിന് പിന്നാലെയാണ് ആശ്വാസകരമായ വാർത്ത വന്നിരിക്കുന്നത്.

കൊല്ലപ്പെട്ട യെമൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു.

കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്.

കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ മരണം കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായിരുന്നു. അത് കൊണ്ട് ഇത്രയും കാലം ആർക്കും തന്നെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ആദ്യമായി സാധിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വിഷയത്തിൽ ഇടപെട്ടത്. നിമിഷ പ്രിയയുടെ വിഷയത്തിൽ കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും  ഇടപെടാൻ പരിമിതിയുണ്ടായിരുന്ന സമയത്താണ് കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.

നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. യമൻ പൗരനായ തലാലിനെ 2017 ജൂലായിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റിൽ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലീമി നേരത്തേ അനുമതി നൽകിയിരുന്നു.

തലാൽ അബ്ദുൾ മഹ്ദിയോടൊപ്പം പങ്കാളിത്തത്തിൽ നിമിഷ പ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ കഴിയാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷ പ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു.

വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി. ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlight: Nimisha Priya’s execution will be stayed

We use cookies to give you the best possible experience. Learn more