മലയാളത്തിലെ സീനിയര്‍ ഛായാഗ്രാഹകരെല്ലാം ലോകത്തിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരാണെന്ന് നിമിഷ് രവി. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര വിജയം സ്വന്തമാക്കിയ ലോക ചാപ്റ്റര്‍ വണ്ണിന്റെ ക്യാമറ ചലിപ്പിച്ചത് നിമിഷാണ്.
ഇഷ്ടമുള്ള സിനിമാറ്റോഗ്രാഫര്‍ ആരാണെന്ന ചോദ്യത്തിന് മലയാളത്തിലെ സീനിയര്‍ ഛായാഗ്രഹകരെല്ലാം ലോകത്തിലെ മികച്ച ഛായാഗ്രാഹകര്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ലോക’ സിനിമയിലൂടെ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം സന്തോഷ് ശിവന്‍ സര്‍, കുമാര്‍ സര്‍, വേണു സര്‍ തുടങ്ങിയ വലിയ ഛായാഗ്രാഹകര്‍ വിളിച്ച് സംസാരിച്ചുവെന്നതാണ്. പ്രിയദര്‍ശന്‍ സാര്‍ വിളിച്ച് ‘ലോക’യെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ വേറെ ഏതോ ലോകത്തായിപ്പോയി,’ നിമിഷ് രവി പറയുന്നു.
ലൂക്കാ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നിമിഷിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ‘ലോക’യിലെ ക്യാമറ വര്‍ക്കിനും അദ്ദേഹം നിരവധി പ്രശംസകള്‍ ഏറ്റു വാങ്ങി.
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോക അഞ്ച് ഭാഗങ്ങള്‍ ഉള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായാണ് എത്തിയത്. സിനിമയില്‍ കല്യാണി പ്രിയദര്‍ശന് പുറമെ നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിങ്ങനെ വന്‍താരനിര അണി നിരന്നിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ വരും ഭാഗങ്ങള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Content highlight: Nimish Ravi talks about Priyadarshan’s call to see the LOKAH and other joys that cinema has given him