| Thursday, 30th October 2025, 10:22 pm

സൂര്യ സാറിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് ഇതില്‍ കാണാം; സ്വപ്ന സമാനമായ അനുഭവത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്: നിമിഷ് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെയും മികച്ച ഛായാഗ്രാഹകരുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെട്ട ഛായാഗ്രാഹകനാണ് നിമിഷ് രവി. 2019ല്‍ പുറത്തിറങ്ങിയ ലൂക്ക എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകയിലും തന്റെ ക്യാമറ ചലിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

സൂര്യയുടെ വരാന്‍ പോകുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവിയാണ്. ഇപ്പോള്‍ ആ സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ താന്‍ സ്വപ്‌നസമാനമായ അനുഭവത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് നിമിഷ് പറയുന്നു.

‘ലക്കി ഭാസ്‌കറിന്റെ സംവിധായകന്‍ വെങ്കിയുടെ കൂടെ ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ഫീല്‍ ഗുഡായ ഒരു ഫാമിലി സിനിമ. സൂര്യ സാറിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സാണ്. ഞാനിതുവരെ ചെയ്ത ഓരോ സിനിമയിലെയും അഭിനേതാക്കളുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാണാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. അവരുടെ പ്രകടനമാണ് ഛായാഗ്രഹണത്തെ മികച്ചതാക്കുന്ന എറ്റവും വലിയ ഘടകം,’ നിമിഷ് പറയുന്നു.

തനൊരു ഫിലിം സ്‌കൂളിലും പഠിച്ചിട്ടില്ലെന്നും ഇപ്പോള്‍ നമ്മളെല്ലാവരും പല കാര്യങ്ങളും പഠിച്ചെടുക്കുന്നത് യൂട്യൂബ് നോക്കിയാണെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ ദുല്‍ഖര്‍ തന്നോട് ഛായാഗ്രഹണം എവിടെ നിന്നാണ് പഠിച്ചതെന്ന് ചോദിച്ചപ്പോഴാണ് താന്‍ യൂട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് പറഞ്ഞതെന്നും നിമിഷ് കൂട്ടിച്ചേര്‍ത്തു.

ലൂക്കയിലൂടെ കരിയര്‍ തുടങ്ങിയ നിമിഷ് പിന്നീട് സാറാസ്, കുറുപ്പ്, ലക്കി ഭാസകര്‍, റോഷാക്ക് എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു.

Content highlight:  Nimish Ravi shares his experience working on Suriya’s film

We use cookies to give you the best possible experience. Learn more