മലയാള സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെയും മികച്ച ഛായാഗ്രാഹകരുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെട്ട ഛായാഗ്രാഹകനാണ് നിമിഷ് രവി. 2019ല്‍ പുറത്തിറങ്ങിയ ലൂക്ക എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകയിലും തന്റെ ക്യാമറ ചലിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലൂക്ക സിനിമിയിലേക്ക് എത്തിയതിനെ കുറിച്ചും, ചിത്രത്തിലെ വാന്‍ഗോഗ് റഫറന്‍സിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കുമ്പോള്‍ താന്‍ കൂട്ടുകാരുടെ പ്രോജക്ടുകളില്‍ ക്യാമറ ചെയ്തിരുന്നുവന്നെ് നിമിഷ് പറയുന്നു. ലൂക്കയുടെ സംവിധായകന്‍ അരുണ്‍ ബോസ് കോളജില്‍ തന്റെ അധ്യാപകനായിരുന്നുവെന്നും തന്റെ ഫൈനല്‍ പ്രോജക്ട് അദ്ദേഹം കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അക്കാലത്ത് അദ്ദേഹം സിനിമ ചെയ്യാനുള്ള പ്ലാനിലായിരുന്നു. ഞാനും അതിലേക്ക് എത്തുകയായിരുന്നു. പുതുമുഖ സംവിധായകനായ അദ്ദേഹം ഒരു സീനിയര്‍ ക്യാമറാമാനെ വയ്ക്കുന്നതിന് പകരം എന്നെ കൂടെ നിര്‍ത്തി. അതൊരു വലിയ അനുഗ്രഹമാണ്,’ നിമിഷ് പറഞ്ഞു.
സിനിമയുടെ വിഷ്വല്‍സിനായി പലതും തിരയുന്നതിനിടെ വാന്‍ഗോഗിന്റെ ഒരു പെയിന്റിങ് കണ്ടപ്പോള്‍, അത് റഫറന്‍സ് ആക്കാമെന്ന് തോന്നിയെന്നും അതു വച്ചാണ് കഥാപാത്രത്തിന്റെ ലുക്ക് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തിയ ലൂക്കയുടെ സംഗീതം നിര്‍വഹിച്ചത് സൂരജ് എസ് കുറുപ്പാണ്. മ്യദുല്‍ ജോര്‍ജ് രചന നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് വിഖില്‍ വേണുവാണ്.
Content highlight: Nimish Ravi on his arrival in the film Luca and the Van Gogh reference in the film