| Friday, 29th August 2025, 1:41 pm

അന്ന് ദുല്‍ഖര്‍ എന്നെ ആ പടത്തില്‍ നിന്ന് മാറ്റുമോ എന്ന് പേടിച്ചു, എന്നാല്‍ ഇന്ന് എന്റെ ജീവിതത്തിലെ എല്ലാമാണ് അദ്ദേഹം: നിമിഷ് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ലോകാഃ ചാപ്റ്റര്‍ വണ്‍. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്‌ലെനുമാണ് പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമായ ലോകാഃ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രത്തില്‍ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്ന ഒന്നാണ് ലോകാഃയിലെ ഫ്രെയിമുകള്‍. നിമിഷ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ലൂക്ക എന്ന ചിത്രത്തിലൂടെ ഛായാഗ്രഹണ രംഗത്ത് അരങ്ങേറിയ നിമിഷ് ചുരുങ്ങിയ കാലം കൊണ്ട് ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം നിമിഷ് കൈകോര്‍ക്കുന്ന നാലാമത്തെ ചിത്രമാണ് ലോകാഃ ചാപ്റ്റര്‍ വണ്‍.

ദുല്‍ഖറിനൊപ്പം താന്‍ ആദ്യമായി വര്‍ക്ക് ചെയ്തത് കുറുപ്പിലാണെന്ന് നിമിഷ് രവി പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയൊരു പ്രൊജക്ട് തന്നെ തേടി വന്നെന്നും അതില്‍ താന്‍ എക്‌സൈറ്റഡായിരുന്നെന്നും നിമിഷ് പറഞ്ഞു. ആ സിനിമ തനിക്ക് ഒരു വലിയ വാതിലായിരുന്നു തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുറുപ്പിന്റെ ആദ്യത്തെ ഷെഡ്യൂളിലിനിടയിലാണ് ഞാന്‍ ആദ്യമായി ദുല്‍ഖറിനെ കാണുന്നത്. ഓരോ സീനിലും എന്റേതായ ചില സജഷന്‍സ് നല്‍കിയിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും ദുല്‍ഖര്‍ എന്റെ മുഖത്ത് പോലും നോക്കിയിട്ടില്ലായിരുന്നു. ‘ആരെടാ ഇവന്‍’ എന്ന മൈന്‍ഡ് സെറ്റാണ് പുള്ളിക്ക് എന്ന് ഞാന്‍ വിചാരിച്ചു. ഓവറായി സംസാരിച്ചതുകൊണ്ട് ഈ പടത്തില്‍ നിന്ന് ഒഴിവാക്കുമോ എന്നൊക്കെ പേടിച്ചിട്ടുണ്ടായിരുന്നു.

പക്ഷേ, ഇന്ന് എന്റെ ജീവിതത്തിലെ മെന്ററാണ് ദുല്‍ഖര്‍. ഞാന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതില്‍ പുള്ളിയുടെ ഒരു ഇന്‍ഫ്‌ളുവന്‍സ് ഉറപ്പായും ഉണ്ടാകും. അത്രമാത്രം പ്രാധാന്യം ദുല്‍ഖറിന് ഞാന്‍ നല്‍കുന്നുണ്ട്. എന്ത് കാര്യത്തിനും വിളിക്കാനുള്ള ഒരു ഫ്രീഡം ഞങ്ങള്‍ തമ്മിലുണ്ട്. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്,’ നിമിഷ് രവി പറയുന്നു.

ലോകാഃ എന്ന സിനിമയെക്കുറിച്ചും നിമിഷ് സംസാരിച്ചു. ചിത്രത്തിന്റെ ഡിസ്‌കഷന്‍ സമയം മുതല്‍ താന്‍ കൂടെയുണ്ടായിരുന്നെന്നും ആ സമയത്ത് ഇപ്പോഴുള്ള ബജറ്റില്‍ സിനിമ തീര്‍ക്കാനാകുമോ എന്ന് ചിന്തിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദുല്‍ഖറിന്റെ കോണ്‍ഫിഡന്‍സിലാണ് സിനിമ ഈ ബജറ്റില്‍ പൂര്‍ത്തിയായതെന്നും ക്രെഡിറ്റ് മുഴുവന്‍ അദ്ദേഹത്തിനാണെന്നും നിമിഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Nimish Ravi about the influence of Dulquer Salmaan in his career

We use cookies to give you the best possible experience. Learn more