| Friday, 25th November 2016, 11:47 am

നിലമ്പൂര്‍ സംഭവം: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

 മാവോവാദികളുടെ തുടരാക്രമണം ഉണ്ടാകുമെന്നതാണ് ചില പോലീസുദ്യോഗസ്ഥന്‍മാര്‍ മാദ്ധ്യമപ്രവര്‍ത്തകരെ തടയുന്നതിന് കാരണമായി പറയുന്നത്


മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ ഒരു വനിതയടക്കം രണ്ട് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന പോലീസ് വാദം വ്യാജമാണെന്ന സംശയം ബലപ്പെടുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നടന്ന സംഭവത്തെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ അധികാരികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

കൃത്യം നടന്നിടത്തേക്ക് 22 മണിക്കൂറിനു ശേഷവും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനെ കുറിച്ച് പോലീസുദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാനുമാകാത്തതാണ് സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്.

നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ആന്ധ്രാസ്വേശി കുപ്പു എന്ന ദേവരാജ് അജിത എന്നിവരാണ് കൊല്ലപ്പെട്ടത്.

മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് തണ്ടര്‍ബോള്‍ട്ടും മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവുമടങ്ങുന്ന 60 അംഗ സംഘം വനമേഖലയില്‍ പരിശോധനയ്ക്ക് പോയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. 15 പേരടങ്ങുന്നതായിരുന്നു മാവോവാദി സംഘമെന്നും പോലീസ് പറയുന്നു.


Dont Miss 500 ന്റെ പുതിയ നോട്ടില്‍ അച്ചടിപ്പിശക് സംഭവിച്ചെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ


അതേസമയം മാവോവാദികളുടെ തുടരാക്രമണം ഉണ്ടാകുമെന്നതാണ് ചില പോലീസുദ്യോഗസ്ഥന്‍മാര്‍ മാദ്ധ്യമപ്രവര്‍ത്തകരെ തടയുന്നതിന് കാരണമായി പറയുന്നത്. അതേസമയം തന്നെ സബ് കളക്ടര്‍, എ.ഡി.എം, പോലീസ് സര്‍ജന്‍ റവന്യൂ ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ സംഭവസ്ഥലത്തേക്ക് ഇന്നലെ മുതല്‍ കയറ്റിവിടുന്നുമുണ്ട്.

ആദ്യഘട്ടത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പോലീസ് വിവരത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ തൃശൂര്‍ റെയ്ഞ്ച് ഐ.ജി പിന്നീട് രണ്ടുപേരാണെന്ന് സ്ഥിരീകരിച്ചു. ആ ഘട്ടത്തിലും എങ്ങനെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നോ ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് പരിറ്റിട്ടുണ്ടോ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.


കാടിനുള്ളില്‍ ഒളിച്ചുകഴിയുകയായിരുന്ന മാവോവാദികളെ ഏറ്റുമുട്ടല്‍ കൂടാതെ തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഏറ്റുമുട്ടലിനെ സാധൂകരിക്കുന്ന തെളിവുകള്‍ സൃഷ്ടിക്കാനാണ് 22 മണിക്കൂറിന് ശേഷവും മാധ്യമപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് കടത്താതിരിക്കുന്നതെന്നാണ് സൂചന.

അതേസമയം പോലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും അയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനാലാണ് മാദ്ധ്യമപ്രവര്‍ത്തകരെ കയറ്റിവിടാത്തതെന്നുമുള്ള അഭിപ്രായവും അനൗദ്യോഗികമായി പോലീസ് പങ്കുവെക്കുന്നുണ്ട്. എന്നാല്‍ രക്ഷപ്പെട്ടുവെന്ന് കരുതുന്നയാള്‍ക്കായുള്ള തിരച്ചില്‍ സംഭവസ്ഥലത്തല്ല നടക്കുന്നതെന്നതും റവ്യന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അങ്ങോട്ട് പോകുന്നതും സംശയം ബലപ്പെടുത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more