നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിനേക്കാള്‍ കുറവ് വോട്ട് നേടി ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന അപ്‌ഡേറ്റ് പ്രകാരം ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി സാദിഖ് നടുത്തൊടി 2075 വോട്ടുമാണ് നേടിയത്.
ബി.ജെ.പിക്ക് കഴിഞ്ഞ വര്‍ഷത്തെ വോട്ട് (8595) നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച വോട്ടിനെക്കാള്‍ (3281) കുറവ് വോട്ടുകളാണ് ഈ വര്‍ഷം ലഭിച്ചത്.
മണ്ഡലത്തില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്ക്. ഇടത് സ്ഥാനാര്‍ത്ഥി എം.സ്വരാജ് 66660 വോട്ടുകളാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വര്‍ 19,760 വോട്ടുകളും നേടിയിട്ടുണ്ട്.
അന്‍വറിനെ കൂടാതെ അഞ്ച് പേര്‍ സ്വതന്ത്രരായി മത്സരിച്ചിരുന്നു. അവര്‍ക്ക് 185, 114, 85, 52, 43 എന്നിങ്ങനെ രണ്ടക്ക, മൂന്നക്ക വോട്ടുകളാണ് ലഭിച്ചത്.
പി.വി. അന്‍വര്‍ രാജിവെച്ചതിന് പിന്നാലെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. രാജിവെച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയെങ്കിലും യു.ഡി.എഫില്‍ സഖ്യമാവാന്‍ അന്‍വര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പ്രവേശനം പ്രതിസന്ധിയിലായിരുന്നു. നിലവിലെ ഫലം വരുമ്പോള്‍ അന്‍വര്‍ ഫാക്ടര്‍ തെരഞ്ഞെടുപ്പില്‍ നിഴലിക്കുന്നുണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റടക്കമുള്ളവര്‍ പ്രതികരിക്കുന്നത്. ഭരണവിരുദ്ധ വികാരമുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നുണ്ട്.
Content Highlight: Nilambur is free from communalism; BJP and SDPI are behind Anwar