| Sunday, 27th November 2016, 10:24 am

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

 നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. കേസ്  പെരിന്തല്‍മണ്ണ സബ്കളക്ടര്‍ അന്വേഷിക്കും.


നിലമ്പൂര്‍ : നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. കേസ്  പെരിന്തല്‍മണ്ണ സബ്കളക്ടര്‍ അന്വേഷിക്കും.

സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശമുണ്ട്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐയും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു.

നിലമ്പൂരില്‍ എടക്കരയ്ക്കു സമീപം കരുളായി വനത്തില്‍ പൊലീസും മാവോയിസ്റ്റ് സംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയും സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തു പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്.

പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടില്‍ 24നായിരുന്നു സംഭവം. രണ്ടു സി.ഐമാരുടെയും മൂന്ന് എസ്.ഐമാരുടെയും നേതൃത്വത്തില്‍ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും കേരള പൊലീസിലെ ഭീകരവിരുദ്ധ സേനക്കാരും ഉള്‍പ്പെട്ട 60 അംഗ ദൗത്യസംഘമാണു മാവോയിസ്റ്റുകളെ നേരിട്ടത്.

22 പേരടങ്ങിയ മാവോയിസ്റ്റ് സംഘത്തെയാണ് പൊലീസ് നേരിട്ടതെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. അതേസമയം, ഏറ്റുമുട്ടല്‍ വ്യാജമാണെന്നും അന്വേഷണം വേണമെന്നും വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. വാദങ്ങള്‍ എല്ലാം നിഷേധിച്ച് പൊലീസും രംഗത്തെത്തിയിരുന്നു.

ഇതിനിടെ നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ 26 മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളില്‍ നിന്ന് പന്ത്രണ്ട് വെടിയുണ്ടകള്‍ പുറത്തെടുത്തു.


മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഏഴ് മുറിവുകളുണ്ട്. നാലു വെടിയുണ്ടകള്‍ ദേഹത്ത് തറച്ചിരുന്നു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തു പോയി.

അതേസമയം ഏറ്റവും കൂടുതല്‍ വെടിയേറ്റത് അജിതയ്ക്കാണ്. പത്തൊന്‍പത് തവണയാണ് ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്്. ശരീരത്തില്‍ നിന്ന് കിട്ടിയത് അഞ്ചു തിരകളും. 14 തിരകള്‍ ദേഹം തുളച്ച് പുറത്തു പോയി. പല അകലങ്ങളില്‍ നിന്ന് പൊലീസ് വെടിവച്ചതാണെന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്തിമമായി തയാറാക്കും മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രത്യേകയോഗം ചേരും.

Latest Stories

We use cookies to give you the best possible experience. Learn more