| Wednesday, 1st October 2014, 8:59 pm

നിക്കി ഗല്‍റാനി ബിസിയാണ്: ഇനി ദിലീപിന്റെ നായിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] നിവിന്‍ പോളിയുടെ  “1983” എന്ന ചിത്രത്തില്‍ മഞ്ജുളയെന്ന തനിനാടന്‍ പെണ്ണായി സ്‌ക്രീനിലെത്തിയ കന്നടതാരം നിക്കി ഗല്‍റാനിക്ക് മലയാളത്തില്‍ തിരക്കേറുന്നു. “ഓലേഞ്ഞാലിക്കുരുവി”യെന്ന ഗാനത്തിന് മനോഹാരിത പകര്‍ന്ന നിക്കിക്ക് മലയാളത്തില്‍  കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്.

ബിജുമേനോന്‍ നായകനായ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രം “വെള്ളിമൂങ്ങ”യിലെ നായികവേഷം ഹിറ്റായതോടെ ഈ കന്നട സുന്ദരി കേരളത്തിന്റെ പ്രിയതാരമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ജനപ്രിയ താരം ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നിക്കി.

നവാഗതനായ സുരേഷ് പയ്യപ്പാട് സംവിധാനം ചെയ്യുന്ന “ഇവന്‍ മര്യാദരാമന്‍” എന്ന ചിത്രത്തിലാണ് ദിലീപിന്റെ നായികയായി നിക്കി എത്തുന്നത്. ദിലീപിനെപ്പോലൊരു സൂപ്പര്‍താരത്തിന്റെ നായികയായി അഭിനയിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവതിയാണെന്നും സിനിമയുടെ ചിത്രീകരണം തുടങ്ങാനായി കാത്തിരിക്കുകയാണെന്നും നിക്കി പറഞ്ഞു.

എസ്.എസ് രാജമൗലിയുടെ “മര്യാദരാമന്‍” എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് “ഇവന്‍ മര്യാദരാമന്‍”. ചിത്രത്തിനായി ഒരുകോടിയുടെ സെറ്റിട്ടത് വാര്‍ത്തയായിരുന്നു. പഴനിയും പാലക്കാടും പ്രധാന ലൊക്കേഷനായ “ഇവന്‍ മര്യാദരാമന്റെ” ചിത്രീകരണം ഒക്ടോബര്‍ 3ന് ആരംഭിക്കും.

ശരത്.എ.ഹരിദാസന്‍ സംവിധാനം ചെയ്യുന്ന “എന്തൊരു ഭാഗ്യം” എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായാണ് നിക്കി ഇപ്പോള്‍ അഭിനയിക്കുന്നത്. മൃദുല മുരളിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more