ശക്തമായ അഭിനയവും തുറന്ന അഭിപ്രായപ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് നിഖില വിമൽ. വ്യക്തമായ നിലപാടുകൾ തുറന്നുപറയുന്ന സ്വഭാവം കാരണം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പ്രൊഫഷണൽ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് നിഖില പലപ്പോഴും നിലപാടുകൾ വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ, താൻ അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് നിഖില വിമൽ. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
നിഖില വിമൽ, Photo: IMDb
‘ഇവിടെയുളെള്ളൊരു പ്രൊഡ്യൂസർ ഉണ്ട്, എനിക്ക് 3-4 സിനിമയിൽ അഭിനയിച്ച ക്യാഷ് ബാക്കി തരാൻ ഉണ്ട്. മുമ്പ് പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്‌തിരുന്ന ആളാണ്. പുള്ളിയോട് അന്ന് ഞാൻ അവസാനം പറഞ്ഞു നിങ്ങൾ വീട് വെക്കുന്നില്ലേ അതിൽ ഒരു മുറി എനിക്ക് തന്നേക്കു ഇത്രയും പൈസ എനിക്ക് തരാൻ ഇല്ലേ, അപ്പൊ പിന്നെ ഞാൻ വാടക തരേണ്ട കാര്യം ഇല്ലല്ലോ. ഇപ്പോഴും പുള്ളി എന്നെ കാണുമ്പോ അത് തന്നെ പറയും ഞാനും അത് തന്നെ തിരിച്ചു പറയും. എനിക്ക് ഏസി യൊക്കെയുള്ള ഒരു മുറി തന്നാൽ മതി ഞാൻ എന്തിനാ വാടക തരുന്നത്, നിങ്ങടെ കയ്യിൽ ഇല്ലാഞ്ഞിട്ടും അല്ലലോ എന്ന്.’ നിഖില പറഞ്ഞു
തമാശ രൂപത്തിൽ ഇങ്ങനെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതിലൂടെ എങ്കിലും അദ്ദേഹത്തിന് വിഷയം മനസ്സിലാകുമെന്നും, ഒരുനാൾ തനിക്ക് ലഭിക്കാനുള്ള പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
നിഖില വിമൽ, Photo: Nikhila vVmal/ Facebook
മലയാള സിനിമയിൽ ഇന്ന് മുന്നിൽ നിൽക്കുന്ന നായികമാരിൽ ഒരാളായ നിഖില വിമൽ ഇത്തരമൊരു അനുഭവം പങ്കുവെക്കുമ്പോൾ, സിനിമാ വ്യവസായത്തിൽ ഇന്നും നിലനിൽക്കുന്ന ചില അടിസ്ഥാന പ്രശ്നങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അഭിനയം പുറമേ കാണുമ്പോൾ എളുപ്പമെന്ന തോന്നൽ ഉണ്ടാകാമെങ്കിലും, അതിന് പിന്നിൽ വലിയ അധ്വാനവും മാനസിക-ശാരീരിക പരിശ്രമവുമുണ്ട്.
നിഖിലയുടെ ഈ പരാമർശങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പിന്തുണയാണ് ഉയരുന്നത്. നിർമാതാവിന്റെ പേര് പറയാത്ത പരാമർശങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും, നിഖില ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ചില പ്രേക്ഷകർ ആ നിർമാതാവ് ബാദുഷയാണ് എന്ന രീതിയിലുള്ള അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. പ്രോജക്റ്റ് ഡിസൈനർ ആയും സഹ നിർമ്മാതാവായും ബാദുഷ നിഖിലയുടെ നാല് പ്രോജക്ടുകളിൽ ഭാഗമായിട്ടുണ്ടെന്നും, അദ്ദേഹം തന്നെയായിരിക്കാം ആ പേര് വെളിപ്പെടുത്താത്ത നിർമാതാവെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. മധുരം, കൊത്ത് , ജോ ആൻഡ് ജോ, 18 പ്ലസ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഭാഗമായിട്ടുണ്ട്.
.
Content Highlight: Nikhila Vimal talks about the film industry