| Friday, 1st August 2025, 9:36 am

അന്ന് പലപ്പോഴും കരഞ്ഞുകൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ നിഖിലക്ക് സാധിച്ചിരുന്നു. നടിയുടെ തമിഴ് സംസാരം മുമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ താന്‍ തമിഴ് പഠിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. താന്‍ തമിഴ് സംസാരിക്കുക മാത്രമല്ല ചെയ്യുന്നതെന്നും സ്‌ക്രിപ്റ്റും തമിഴില്‍ തന്നെയാണ് വായിക്കുകയെന്നും നടി പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.

‘ആദ്യം തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ തമിഴ്ഭാഷ നല്ല വശമില്ലായിരുന്നു. അതുകൊണ്ട് എന്റെ ഡയലോഗുകള്‍ എല്ലാം മലയാളത്തില്‍ പരിഭാഷ ചെയ്ത് തരുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ അവര്‍ ഈ ഡയലോഗുകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. അതൊക്കെ വീണ്ടും പഠിച്ച് ഷോട്ടിന് പോകുമ്പോഴേയ്ക്കും ഒരു പരുവമാകും.

പലപ്പോഴും കരഞ്ഞുകൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്. തമിഴ് പഠിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ലല്ലോ. അതുകൊണ്ട് തമിഴ് പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡയലോഗ് പറയുക മാത്രമല്ല. സ്‌ക്രിപ്റ്റ് വായിക്കുന്നതും തമിഴില്‍ തന്നെയാണ്. എങ്കിലും ചില വാക്കുകള്‍ മനസിലായെന്ന് വരില്ല. ആ സമയത്ത് മാത്രം അര്‍ത്ഥം ചോദിച്ച് മനസിലാക്കും,’ നിഖില വിമല്‍ പറയുന്നു.

2016ലാണ് വെട്രിവേല്‍, കിടാരി എന്നീ ചിത്രങ്ങളിലൂടെ നിഖില തമിഴ് സിനിമയില്‍ എത്തുന്നത്. പിന്നീട് കാര്‍ത്തിക്കൊപ്പം തമ്പി, അശോക് സെല്‍വനൊപ്പം പോര്‍തൊഴില്‍ എന്നീ ഹിറ്റ് സിനിമകള്‍ ലഭിച്ചു.

വാഴൈ ആയിരുന്നു നിഖിലയുടേതായി എത്തിയ അവസാന തമിഴ് ചിത്രം. ഈ സിനിമയിലെ പൂങ്കൊടി എന്ന ടീച്ചര്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു.

ഇതുവരെ താന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രം വളരെ വ്യത്യസ്തമായതായി അനുഭവപ്പെട്ടുവെന്നാണ് നിഖില പറയുന്നത്. ആ പാറ്റേണില്‍ താനൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു.

Content Highlight: Nikhila Vimal Talks About Tamil Cinema

We use cookies to give you the best possible experience. Learn more