| Friday, 9th January 2026, 7:03 pm

ഒരു നൂല്‍ വലിഞ്ഞിരിക്കുന്നതിന് മാരി സാര്‍ ഇങ്ങനെ പറയുന്നത് എന്തിനാണെന്ന് വിചാരിച്ചു; മറ്റ് സംവിധായകരെ പോലെയല്ല: നിഖില വിമല്‍

ഐറിന്‍ മരിയ ആന്റണി

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാഴൈ. പൊന്‍വേല്‍ എം, രഘുല്‍ ആര്‍, കലൈയരസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങൡലെത്തിയ ചിത്രത്തില്‍ നിഖില വിമലും ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

ഇപ്പോള്‍ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ മാരി സെല്‍വരാജുമായി പ്രവര്‍ത്തിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നിഖില വിമല്‍. എല്ലാ കാര്യങ്ങളും വളരെ ഡീറ്റേയ്‌ലായി ശ്രദ്ധിക്കുന്നയാളാണ് മാരി സെല്‍വരാജെന്ന് നിഖില പറയുന്നു.

നിഖില വിമല്‍/ Nikhila vimal/facebook.com

‘വാഴൈ ചെയ്യുന്ന സമയത്ത് എനിക്കൊരു സാരി തന്നപ്പോള്‍ ഞാന്‍ അത് ഉടുത്തിട്ട് വന്നു. മാരി സാര്‍ ആണെങ്കില്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ഞാന്‍ സാരി ഉടുത്തിട്ട് വന്നപ്പോള്‍ എന്റെ ബ്ലൗസിന്റെ നൂല്‍ വലിഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഈ നൂലെന്താ ഇവിടെ ഇങ്ങനെയിരിക്കുന്നത്. അങ്ങനെ ഇങ്ങനെ എന്തൊക്കെയോ പറഞ്ഞ് എന്നെ ചീത്ത പറഞ്ഞു.

ഒരു നൂല്‍ അല്ലേ, അതിനെന്താ എന്നാണ് ഞാന്‍ വിചാരിച്ചത്. മാരി സാര്‍ എന്റെയടുത്ത് പറഞ്ഞു, അങ്ങനെയല്ല അതിനെ കാണേണ്ടതെന്ന്. മാമന്‍ എന്ന സിനിമയില്‍ കീര്‍ത്തിയൊക്കെ എല്ലാ കാര്യങ്ങളും അങ്ങനെ ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് എന്റെയടുത്ത് പറഞ്ഞു. അത് നമ്മള്‍ ചെയ്യേണ്ട കാര്യമാണെന്ന് പിന്നെ എനിക്ക് തിരിച്ചറിവുണ്ടായി. ഇപ്പോഴും ആ സീനില്‍ നോക്കി കഴിഞ്ഞാല്‍ നൂലിങ്ങനെ കാണാം. മാരി സാറിനോട് ഞാന്‍ അപ്പോള്‍ പറയും, ആ നൂലിന്റെ കാര്യം ആരും സംസാരിക്കാറില്ല എന്ന്,’ നിഖില വിമല്‍ പറയുന്നു.

മാരി സെല്‍വരാജ് എല്ലാ കാര്യങ്ങളിലും കോണ്‍ഷ്യസാണെന്നും നിത്യ ജീവിതത്തില്‍ കണ്ടിട്ടുള്ളതോ, ഇന്‍സ്പയര്‍ ആയിട്ടുള്ള ആളുകളയൊക്കയാണ് അദ്ദേഹം സിനിമയിലേക്ക് പ്ലേസ് ചെയ്യുന്നതെന്നും നിഖില പറഞ്ഞു. അത്രയും മൈന്യൂട്ടായ കാര്യങ്ങള്‍ മാരി സെല്‍വരാജ് ശ്രദ്ധിക്കാറുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

ഒരു മുക്കാല്‍ മണിക്കൂര്‍ ഷൂട്ട് നിര്‍ത്തിവെച്ചിട്ട് ഒരു മുക്കാല്‍ മണിക്കൂര്‍ ഒരു നൂലിനെ പറ്റി ചര്‍ച്ച ചെയ്തുവെന്നത് തന്നെ സംബന്ധിച്ച് അപ്പോള്‍ ചെറിയ കാര്യമായിരുന്നുവെന്നും മറ്റൊരു സംവിധായകനാണെങ്കില്‍ ഒരു പക്ഷേ അങ്ങനെ ഒന്നും പറയുമായിരുന്നില്ലെന്നും നടി പറഞ്ഞു.

അതേസമയം നിഖില വിമലിന്റേതായി വരാനിരിക്കുന്ന ചിത്രമാണ് പെണ്ണുകേസ്. ഫെബിന്‍ സിദ്ദാര്‍ഥിന്റെ സംവിധാനത്തില്‍ നാളെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നിഖില വിമല്‍, ഹക്കിം ഷാ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Content highlight:  Nikhila Vimal talks about Mari Selvaraj and the movie Vazhai

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more