| Wednesday, 6th August 2025, 3:27 pm

വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഓര്‍ക്കുന്നു; അത്തരമൊരു കഥാപാത്രം കിട്ടണം: നിഖില

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ നിഖിലക്ക് സാധിച്ചിരുന്നു. സന്ത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം.

ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില നായികയായി എത്തുന്നത്. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ പുതുമ തേടുന്ന അഭിനേത്രി എന്ന നിലയില്‍ നന്നായി പ്ലാന്‍ ചെയ്ത് മുന്നോട്ടു പോകാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി.

‘കരിയറില്‍ എന്തെങ്കിലും ഗുണം കിട്ടുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അഭിനയിച്ച കരുത്തുറ്റ കഥാപാത്രങ്ങള്‍ തന്നെയാണ് ഒരു നടിയുടെ കരിയറിന്റെ അടിത്തറ. ലൗ 24×7 എന്ന സിനിമയില്‍ അഭിനയിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും ഇന്നും ആ കഥാപാത്രത്തെ കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. അത്തരം ക്യാരക്ടറുകള്‍ കിട്ടണം,’ നിഖില വിമല്‍ പറയുന്നു.

ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും നടി അഭിനയിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലെ കഥാപാത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്തായിരുന്നു എന്ന ചോദ്യത്തിനും നിഖില മറുപടി നല്‍കി.

ഞാന്‍ പ്രകാശന്‍, ഒരു യമണ്ടന്‍ പ്രേമകഥ, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയായിരുന്നു താന്‍ കാത്തിരുന്നതെന്നും പക്ഷേ തേടിയെത്തിയ അവസരങ്ങളില്‍ പലതും നായികാപ്രാധാന്യമുള്ളവ ആയിരുന്നില്ലെന്നും നടി പറഞ്ഞു.

ദി പ്രീസ്റ്റ് വന്നപ്പോള്‍ ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തോന്നി. ഒരു നടിയെന്ന നിലയില്‍ പെര്‍ഫോം ചെയ്യാനുള്ള ഇടം ഈ ചിത്രത്തിലൂടെ കിട്ടി. അതെനിക്ക് ഏറെ ഗുണം ചെയ്യുമെന്ന ഉറപ്പുണ്ടായിരുന്നു.

ചിത്രത്തിന്റെ സംവിധായനായ ജോഫിന്‍ ടി. ചാക്കോ എന്റെ അടുത്ത സുഹൃത്തായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവന്‍ ഈ കഥ എന്നോടു പറഞ്ഞിരുന്നു. ആ കഥയുടെയും പ്രോജക്ടിന്റെയും ഓരോ ഡെവലപ്‌മെന്റും എനിക്ക് നന്നായി അറിയാമായിരുന്നു,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal Talks About Her First Film As Heroine

We use cookies to give you the best possible experience. Learn more