| Sunday, 18th January 2026, 11:09 pm

14 കല്യാണവേഷങ്ങളിലാണ് ഞാനെത്തിയത്, അതില്‍ കുറച്ച് മടുപ്പ് ഉണ്ടായിരുന്നു: നിഖില വിമല്‍

ഐറിന്‍ മരിയ ആന്റണി

ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില വിമല്‍ പ്രധാനവേഷത്തിലെത്തിയ പെണ്ണ് കേസ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. വിവിധ നാടുകളില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ച് കല്യാണ തട്ടിപ്പ് നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം പേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമയില്‍ രോഹിണി എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് നിഖില വിമല്‍ എത്തിയത്.

ചിത്രത്തില്‍ നിഖിലയുടെ കഥാപാത്രങ്ങളെത്തുന്നത് വിവാഹവേഷത്തിലാണ്. അതേക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നടി. സാധാരണ സിനിമയില്‍ കല്യാണം ഷൂട്ട് ചെയ്യുന്നത് രണ്ടോ മൂന്നോ ദിവസമെടുത്താണെന്നും എന്നാല്‍ പെണ്ണ് കേസില്‍ അങ്ങനെ ആയിരുന്നില്ലെന്നും നടി പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു നിഖില.

‘പക്ഷേ, പെണ്ണുകേസില്‍ ഇടയ്ക്കിടെ കല്യാണം ഷൂട്ട് ചെയ്യണമായിരുന്നു. വ്യത്യസ്തമായ 14 കല്യാണവേഷങ്ങളിലാണ് ഞാനെത്തുന്നത്. വിവാഹത്തിന്റെ ആ പ്രോസസ് രസമുള്ളതായിരുന്നു. സാരി, ആഭരണം ഒക്കെ തെഞ്ഞെടുക്കുന്നതൊക്കെ സമയമെടുത്താണ്. ഓരോ കല്യാണത്തിനും സാരിയും ആഭരണവുമെല്ലാം വ്യത്യസ്തമാകണമല്ലോ.

പിന്നെ കല്യാണപ്പെണ്ണായി ഒരുക്കിയെടുക്കാന്‍ തന്നെ രണ്ടുമണിക്കൂറോളം എടുക്കും. പിന്നെ ആ വേഷത്തില്‍ ഷൂട്ടിനായുള്ള കാത്തിരിപ്പ്. വിവാഹം ഷൂട്ട് ചെയ്യുന്നതോടെ ആ വേഷം കഴിയും. പക്ഷേ, അതിലേക്കെത്തുന്നതുവരെ കുറച്ച് മടുപ്പുള്ള കാര്യമാണ്. എന്നാലും ആസ്വദിച്ചുതന്നെയാണ് ചെയ്തത്,’നിഖില പറഞ്ഞു.

മലയാളത്തിലും തമിഴിലും ഇറങ്ങുന്ന അനന്തന്‍കാടാണ് തന്റെ വരാനിരിക്കുന്ന സിനിമയെന്നും മുരളി ഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും നടി പറഞ്ഞു. തമിഴ് നടന്‍ ആര്യയാണ് ചിത്രത്തിലെ നായകനെന്നും തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ താരങ്ങളും ഈ ചിത്രത്തിലുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

‘സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ധൂമകേതു ആണ് മറ്റൊരു സിനിമ. ധൂമകേതുവിന്റെ ഷൂട്ടിങ് നടക്കുന്നു. രണ്ട് വെബ്‌സീരീസുകളും വരാനിരിക്കുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന അണലി, മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഐസ് എന്നിവയാണവ,’ നിഖില പറഞ്ഞു.

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിഖില വിമല്‍ ഞാന്‍ പ്രകാശന്‍, അരവിന്ദന്റെ അതിഥികള്‍ എന്നീ സിനിമകളിലൂടെ ജനശ്രദ്ധ നേടി. പിന്നീട് നിരവധി മലയാള സിനിമകളില്‍ ഭാഗമായ നിഖില വാഴൈ പോലുള്ള മികച്ച തമിഴ് സിനിമകളിലും അഭിനയിച്ചു.

Content Highlight: Nikhila Vimal talks about her character in the movie Pennu case 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more