| Saturday, 22nd November 2025, 7:22 pm

തുടക്കത്തില്‍ തമിഴില്‍ നിന്നും ഓഫറുകള്‍ ലഭിക്കാന്‍ എളുപ്പമാണ്; കുറച്ച് കഴിഞ്ഞാല്‍ വിളിക്കണമെന്നില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം കരിയറിന്റെ തുടക്കകാലത്ത് തമിഴില്‍ നിന്നും ഓഫറുകള്‍ ലഭിക്കാന്‍ എളുപ്പമാണെന്ന് നടീനടന്മാരായ നിഖില വിമലും ഹക്കീം ഷായും. എന്നാല്‍ കുറച്ച് കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ കുറവായിരിക്കുമെന്ന് നിഖില പറയുന്നു.

‘പെണ്ണ് കേസ്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ‘വിറ്റ് ക്ര്യൂ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖിലയുടെയും ഹക്കീം ഷായുടെയും പ്രതികരണം.

തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ള താരങ്ങളാണ് ഹക്കീം ഷായും നിഖില വിമലും. എങ്ങനെയാണ് ഈ അവസരങ്ങള്‍ കിട്ടിയതെന്ന ചോദ്യത്തോട്, പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്നായിരുന്നു ഇരുവരും നല്‍കിയ മറുപടി.

‘പുതുമുഖമായതുകൊണ്ട് തന്നെ നമ്മളെ പിടിച്ച് തമിഴില്‍ കൊണ്ടിടാം എന്ന ചിന്തയിലാണെന്ന് തോന്നുന്നു കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രയധികം ഓഫറുകള്‍ വരുന്നത്. ആളുകള്‍ കണ്ടുപഴകിയ മുഖമാണെങ്കില്‍ ചിലപ്പോള്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ വരണമെന്നില്ല,’ നിഖില വിമല്‍ പറഞ്ഞു.

തന്റെ ആദ്യ തമിഴ് സിനിമയായ പോര്‍ തൊഴിലിന്റെ സംവിധായകന്‍ വിഘ്നേഷ് രാജയാണ്. അദ്ദേഹത്തിന്റെയും ആദ്യ ചിത്രം അത് തന്നെയായിരുന്നു. എന്നാല്‍ സിനിമയെക്കുറിച്ച് അദ്ദേഹം വ്യക്തമായി പഠിച്ചിരുന്നു. ആദ്യ തമിഴ് സിനിമയില്‍ തന്നെ അത്തരത്തിലൊരു സംവിധായകന്റെ കൂടെ പ്രവര്‍ത്തിക്കനായത് ഭാഗ്യമാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

മറ്റു ഭാഷയിലുള്ളവര്‍ മലയാളം സിനിമയെ നല്ല രീതിയില്‍ നോക്കിക്കാണുന്നുണ്ട് എന്നതിന്റെ തെളിവാണ്, പുതുമുഖ മലയാളം നടന്മാര്‍ക്ക് തമിഴിലും മറ്റു അന്യഭാഷചിത്രങ്ങളിലും കിട്ടുന്ന അവസരമെന്നും ഹക്കീം ഷായും പ്രതികരിച്ചു.

‘ഭാഷ അറിയാത്തതിന്റെ പേരിലോ ഡെയ്റ്റ് ഇല്ലാത്തതിനാലോ പലര്‍ക്കും ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെടാറുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ട് വിഷയങ്ങളുമില്ലായിരുന്നു. എന്റെ തമിഴ് ചിത്രമായ കടസീല ബിരിയാണിയും, സൊര്‍ഗവാസലും പ്രേക്ഷകരിലേക്ക് എന്നെ എത്തിക്കുന്നതില്‍ സഹായകമായ സിനിമകളാണ്.

ഞാനിപ്പോള്‍ ചെയ്യുന്ന തമിഴ് സിനിമയായ ജയിലര്‍ 2വില്‍ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ അഞ്ച് പേരോളം വര്‍ക്ക് ചെയ്യുന്നുണ്ട്. തമിഴ് ഇന്‍ഡസ്ട്രിക്ക് അവരുടെ ഭാഷയില്‍ മലയാളികളെ ഇന്‍കോര്‍പ്പറേറ്റ് ചെയ്യാന്‍ വളരെ ഇഷ്ടമാണ്. ഇത്തരത്തില്‍ എല്ലാവരും നോക്കിക്കാണുന്ന ഒന്നാണ് മലയാള സിനിമ. അത്രത്തോളം നല്ല സിനിമകളാണ് ഇവിടെ നിര്‍മിക്കപ്പെടുന്നത്,’ ഹക്കീം ഷാ പറയുന്നു.

‘മലയാളത്തില്‍ അത്യാവശ്യം നല്ല രീതിയില്‍ പെര്‍ഫോം ചെയ്താല്‍ തമിഴില്‍ നിന്ന് വിളി വരുമെന്നത് ഉറപ്പാണ്. പക്ഷെ നല്ലത് ഏതാണ്, മോശം ഏതാണെന്നെല്ലാം നോക്കി ചൂസ് ചെയ്യുന്നത് നമ്മുടെ കയ്യിലാണ്. നമ്മള്‍ അറിയാതെ പോയി ഏതെങ്കിലും പരാജയ ചിത്രത്തില്‍ അഭിനയിച്ചാല്‍ പിന്നെ അവിടെ നിന്നും ഒരു കരിയര്‍ ബില്‍ഡ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila vimal talk about tamil film industry

We use cookies to give you the best possible experience. Learn more