സത്യന്‍ അന്തിക്കാട് മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടിയാണ് നിഖില വിമല്‍. ഭാഗ്യദേവതയിലൂടെ കരിയറാരംഭിച്ച നിഖില ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ ചുരുക്കം ചില നായികമാരിലൊരാളായി മാറാന്‍ നിഖിലക്ക് സാധിച്ചു.
ഗുരുവായൂരമ്പല നടയില്‍, വാഴൈ തുടങ്ങിയ ചിത്രങ്ങളില്‍ നിഖിലയുടെ പ്രകടനം ഒരുപാട് ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ധൂമകേതു റിലീസിന് തയാറെടുക്കുകയാണ്. സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായി. സജിന്‍ ഗോപു നായകനാകുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് നിഖിലയുടേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.
നിഖില വിമൽ. Photo: Screengrab/ Youtube.com
സമീപകാലത്ത് സിനിമാലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന പ്രയോഗമായ റിവ്യൂ ബോംബിങ്ങിനെക്കുറിച്ച് തന്റെ നിലപാട് പറയുകയാണ് നിഖില വിമല്‍. അടുത്തിടെ താരത്തിന്റെ സിനിമകളിലെ പ്രകടനം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. റിവ്യൂ എന്ന പേരില്‍ സിനിമയെ താറടിക്കുന്ന പരിപാടി ഇപ്പോള്‍ കേട്ട് ശീലമായെന്ന് നിഖില പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘റിവ്യൂ ബോംബിങ് പരിപാടി കേട്ട് ശീലമായി. പേടിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. അതൊക്കെ ഒരു സൈഡില്‍ കൂടി നടക്കും. നമ്മള്‍ എന്ത് ചെയ്താലും അവര് കുറ്റം പറയും. ഇപ്പോള്‍ അത് ആലോചിച്ച് ഒരു പേടിയുമില്ല. കഴിഞ്ഞ കുറച്ച് കാലമായി റിവ്യൂ എന്ന പേരില്‍ കുറ്റം പറയുന്നത് കേട്ട് എക്‌സ്പീരിയന്‍സ്ഡായി. പുതിയതായി ഒന്നും അതിലിനി വരാനില്ല.
നിഖില വിമൽ. Photo: Screengrab/ Youtube.com
എല്ലാ സിനിമയും നന്നാകണം എന്ന ചിന്തയിലാണ് നമ്മള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ ചിലപ്പോഴൊക്കെ അത് നടക്കാറില്ല. ചില സിനിമകള്‍ക്ക് ആ സമയത്ത് നല്ല വിധിയായിരിക്കില്ല കിട്ടുന്നത്. നമ്മള്‍ സിനിമ ചെയ്യുന്നത് ആളുകളുടെ അഭിപ്രായം കേള്‍ക്കാനാണ്. അതിനെ അക്‌സപ്റ്റ് ചെയ്യുക എന്ന് മാത്രമേയുള്ളൂ. അവര്‍ അഭിപ്രായം പറയുമ്പോള്‍ അത് പറ്റില്ല എന്ന് പറയാന്‍ നമുക്ക് അവകാശമില്ല,’ നിഖില പറഞ്ഞു.
നെയ്മര്‍ എന്ന ഹിറ്റിന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധൂമകേതു. മലയാളത്തിലെ ആദ്യത്തെ ടൈം ലൂപ് ചിത്രമെന്ന വിശേഷണത്തോടെയാണ് ധൂമകേതു പ്രേക്ഷകരിലേക്കെത്തുന്നത്. സജിന്‍ ഗോപുവിനും നിഖില വിമലിനും പുറമെ ഗണപതി, ഷൈന്‍ ടോം ചാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. സെപ്റ്റംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Nikhila Vimal shares her opinion on Review bombing