| Sunday, 18th January 2026, 7:55 am

ആ വേഷത്തിനു വേണ്ടി മൂന്ന് ദിവസത്തെ ക്യാരക്ടർ കോച്ചിങ്ങിന് പോയി: നിഖില വിമൽ

നന്ദന എം.സി

തന്റേതായ നിലപാടുകൊണ്ടും ബോൾഡായ സമീപനവും കാരണവും പലപ്പോഴും വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് നിഖില വിമൽ. എന്നാൽ കഥാപാത്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അവയ്ക്ക് നൽകുന്ന വ്യത്യസ്തമായ ആവിഷ്‌ക്കാരത്തിലും നിഖില സ്ഥിരമായി ശ്രദ്ധേയയാകാറുണ്ട്. നിഖില കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പെണ് കേസ്’ എന്ന ചിത്രം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

ചിത്രത്തിന്റെ പേര് തന്നെയാണ് ആദ്യം പ്രേക്ഷകരെ ആകർഷിച്ചത്. ചിത്രത്തിൽ ഒരൊറ്റ കഥാപാത്രമായല്ല, പല വ്യത്യസ്ത വേഷത്തിലാണ് നിഖില എത്തുന്നത്. നെഗറ്റീവ് ഷേഡുള്ള, വിവിധ നാടുകളിൽ വ്യത്യസ്ത പേരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്ന രോഹിണി എന്ന കഥാപാത്രമാണ് നിഖില അവതരിപ്പിക്കുന്നത്.

പെണ് കേസ്, Photo: IMDb

ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിന് പിന്നിൽ വലിയ തയ്യാറെടുപ്പുകളുണ്ടായിരുന്നുവെന്ന് നിഖില പറയുന്നു. മാതൃഭൂമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.

‘മിക്ക സിനിമകൾക്കുമുൻപും ചില മുന്നൊരുക്കങ്ങളൊക്കെ നടത്താറുണ്ട്. പക്ഷേ, ഇത്രയധികം കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്നത് ആദ്യമായാണ്. അതു കൊണ്ടുതന്നെ ഈ സിനിമയ്ക്കായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമാണ്.

പെണ് കേസ്, Photo: IMDb

പേരിൽ മാത്രമല്ല അവരെ അവതരിപ്പിക്കുമ്പോഴും ആ വേരിയേഷൻ പ്രകടമാകണം. അവരുടെ ഇമോഷൻസ്, ശരീരഭാഷ ഒക്കെ വ്യത്യസ്ത മാണ്. ഒന്നും ആവർത്തിക്കപ്പെടരുത്. ദുർഗയും രോഹിണിയും ബിന്ദുവും സൂസനുമൊക്കെ പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്.

കഥാപാത്രങ്ങൾക്ക് വ്യത്യസ്തതവരുത്താൻ മൂന്നുദിവസത്തെ ക്യാരക്ടർ കോച്ചിങ്ങിൽ പങ്കെടുത്തിരുന്നു. ആക്ടിങ് ട്രെയിനറായ അജിത്ത് ലാലാണ് പരിശീലനം നൽകിയത്.

ഒരു പത്രവാർത്തയിൽനിന്നാണ് സംവിധായകൻ ഫെബിൻ സിദ്ധാർഥിന് ഈ ആശയം കിട്ടുന്നത്. അതുകൊണ്ട് സമാനമായ പലവാർത്തകളും കണ്ടും വായിച്ചും അവരെ നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്,’ നിഖില പറഞ്ഞു.

വാർത്തകളിലൂടെ പരിചിതമായ കല്യാണ തട്ടിപ്പുകളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധായകനൊപ്പം രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Nikhila Vimal says she went for character coaching for her role in the movie Pennu case.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more