| Tuesday, 25th November 2025, 9:53 am

എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണമെന്ന് നിര്‍ബന്ധമുള്ള ആളല്ല; അങ്ങനെ ഒരു നന്മ എന്നില്‍ ഇല്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍.  മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ നിഖിലക്ക് സാധിച്ചിരുന്നു. ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില നായികയായി എത്തുന്നത്.

ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ പെണ്ണുകേസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയാണ് നിഖില.

‘ഗേള്‍ നെക്‌സ്റ്റ് ഡോര്‍’ പോലെയുള്ള കഥാപാത്രങ്ങളാണ് ആദ്യം എനിക്ക് വന്നു കൊണ്ടിരുന്നത്. എനിക്കത് ഇഷ്ടവുമായിരുന്നു. ഓവര്‍ നന്മ എനിക്ക് പറ്റില്ല. ജീവിതത്തിലും ഒരുപാട് നന്മ ഉള്ള ആളൊന്നും അല്ല ഞാന്‍. നമ്മളാരും അങ്ങനെയല്ല. അടിസ്ഥാനപരമായി നമ്മള്‍ എല്ലാവരും കുറച്ച് അസൂയയും മറ്റുമൊക്കെ ഉള്ള ആളുകളാണ്. സീരിയലിലൊക്കെ കാണുന്നത് പോലെ അത്രയും    പതിവ്രത സെറ്റപ്പല്ല. അങ്ങനെയൊരു നന്മ എന്നില്‍ ഇല്ല,’ നിഖില പറഞ്ഞു.

സര്‍വം സഹിക്കുന്ന ഒരു പെണ്‍കുട്ടിയല്ല താനെന്നും തന്നെ പാവം എന്ന് വിളിക്കുന്നത് വലിയ പ്രശ്‌നമാണെന്നും നടി പറഞ്ഞു. താന്‍ അത്ര പാവമല്ലെന്നും നിഖില പറഞ്ഞു. സോ കോള്‍ഡ് ഫെമിനിന്‍ ഉള്ള ഒരാളല്ല താനെന്നും കുറച്ച് ഷെയ്ഡ്‌സ് ഓഫ്  ഗ്രേ ഉള്ള ഒരാളായിരുക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ എല്ലാമൊന്നും നല്ല സെന്‍സിലൊന്നും ഞാന്‍ എടുക്കാറില്ല. എന്നെ മീഡിയ ഒരു സ്ഥലത്ത് കൊണ്ട് പോയി ഇരുത്തി. ആ സ്ഥലത്ത് നിന്ന് ഞാന്‍ വേറേ എന്തോ ആയി. പക്ഷേ ഞാന്‍ അങ്ങനെയും അല്ല. നിങ്ങള്‍ എന്നെ അങ്ങനെയാണോ പോര്‍ട്രൈ ചെയ്യുന്നത്, അതും അല്ല ഞാന്‍.

എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണമെന്ന് നിര്‍ബന്ധമുള്ള ആളൊന്നും അല്ല ഞാന്‍. എന്റെ അഭിപ്രായം ചുറ്റുള്ള ആളുകളുടെ അടുത്ത് പറയാന്‍ ഓക്കെയാണെങ്കില്‍ ഞാന്‍ പറയും. അങ്ങനെ ഞാന്‍ പറയുന്ന അഭിപ്രായങ്ങളെ പലരും സ്റ്റേറ്റ്‌മെന്റ് ആക്കും,’ നിഖില വിമല്‍ പറയുന്നു.

ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത് നിഖില വിമലും ഹക്കീം ഷായും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് പെണ്ണ് കേസ്. മുകേഷ് ആര്‍ മെഹ്ത നിര്‍മിക്കുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content highlight: Nikhila Vimal says she is not good at playing girl-next-door characters and that she has no such qualities

We use cookies to give you the best possible experience. Learn more