| Monday, 24th November 2025, 1:47 pm

അനശ്വരയുടെ ആ കഥാപാത്രമൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ്, എന്നാലും പെര്‍ഫോം ചെയ്തില്ലെന്നേ ആളുകള്‍ക്ക് തോന്നൂ: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചില സിനിമകളില്‍ നമ്മള്‍ നന്നായി പെര്‍ഫോം ചെയ്തുവെന്ന് പ്രേക്ഷകര്‍ക്ക് തോന്നണമെന്നില്ലെന്ന് നടി നിഖില വിമല്‍. തന്റെ കഥാപാത്രത്തിന് വളരെ പ്രധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് മാത്രമല്ല, അത്ര വലിയ റോളില്ലാത്ത ഒരു സിനിമയില്‍ ഭാഗമാകാനും തനിക്ക് ഇഷ്ടമാണെന്നും നിഖില പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ പെണ്ണ് കേസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രേഖാ മേനോനോട് സംസാരിക്കുകയായിരുന്നു നിഖില.

‘ എല്ലാ റോളുകളും നമ്മള്‍ പെര്‍ഫോം ചെയ്യണം. ഒരു അഭിനേതാവ് എന്ന നിലയില്‍ നമ്മളെ അത് തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നത് പ്രധാനമാണ്. എന്നെക്കാളും മുതിര്‍ന്ന അഭിനേതാക്കള്‍ ഇവിടെയുണ്ടാകും, അവര്‍ ചിലപ്പോള്‍ കണ്ടന്റിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യണമെന്നോ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യണമെന്നൊക്കെ വിചാരിക്കും. ചില സിനിമകളില്‍ നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തുവെന്ന് ആളുകള്‍ക്ക് തോന്നില്ല,’ നിഖില പറയുന്നു.

സൂപ്പര്‍ ശരണ്യ എന്ന സിനിമയില്‍ അനശ്വരയും മമിതയും ഉണ്ടായിരുന്നുവെന്നും എന്നാല്‍ മമിത അവതരിപ്പിച്ച സോന എന്ന കഥാപാത്രത്തിനെയാണ് ആളുകള്‍ കൂടുതല്‍ സെലിബ്രേറ്റ് ചെയ്തതെന്നും നടി പറഞ്ഞു. പക്ഷേ അനശ്വര ചെയ്ത കഥാപാത്രം യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നും എന്നാല്‍ അത് കണ്ടാല്‍ തോന്നില്ലെന്നും നിഖില പറഞ്ഞു.

‘നസ്ലെന്‍ ഒരു സെറ്റ് ഓഫ് കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്ന് പറയുമ്പോള്‍, ശരിക്കും അത് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എല്ലാവര്‍ക്കും ആ ഒരു ഒഴുക്കില്‍ അത് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. നന്നായി പെര്‍ഫോം ചെയ്യണം എന്ന് വിചാരിക്കുന്നയാളാണെങ്കില്‍ സൂപ്പര്‍ ശരണ്യ പോലെയുള്ള ഒരു കഥാപാത്രം ‘എനിക്ക് പെര്‍ഫോം ചെയ്യാന്‍ മാത്രം എന്തെങ്കിലും ഉണ്ടോ’ എന്ന് വിചാരിക്കാം. എന്നാല്‍ സൂപ്പര്‍ ശരണ്യയില്‍ അനശ്വര ആ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ടാണ് നന്നായി പെര്‍ഫോം ചെയ്തുവെന്ന് നമ്മുക്ക് തോന്നാത്തത്,’നിഖില പറയുന്നു.

അതേസമയം ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത് നിഖില വിമലും ഹക്കീം ഷായും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് പെണ്ണ് കേസ്. മുകേഷ് ആര്‍ മെഹ്ത നില്‍മിക്കുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content highlight: Nikhila Vimal says it was difficult to play the character played by Anaswara in Super Saranya

We use cookies to give you the best possible experience. Learn more