| Tuesday, 4th November 2025, 5:24 pm

മമ്മൂക്ക ഓരോരുത്തരോട് ചാന്‍സ് ചോദിക്കുന്നത് പ്രിവിലേജ്, അതുപോലെ സുഹൃത്തുക്കളോട് ചാന്‍സ് ചോദിക്കാന്‍ എനിക്കാകില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകഃ സിനിമയുടെ സംവിധായകന്‍ അരുണ്‍ ഡൊമിനിക് തന്റെ അടുത്ത സുഹൃത്താണെന്ന് പറയുകയാണ് നിഖില വിമല്‍. സിനിമയുടെ ഡിസ്‌കഷന്റെ സമയത്ത് താനും ഡൊമിനിക്കും സംസാരിച്ചിരുന്നെന്നും തന്നെ വെച്ച് മറ്റൊരു സിനിമ ചെയ്യാന്‍ പ്ലാനുണ്ടായിരുന്നെന്നും നിഖില പറഞ്ഞു. എന്നാല്‍ ആ പ്രൊജക്ട് പിന്നീട് നടന്നില്ലെന്നും അതിന് ശേഷമാണ് ലോകഃയിലേക്ക് അരുണ്‍ കടന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലോകഃയുടെ ഡിസ്‌കഷന്‍ സമയത്ത് അരുണ്‍ താനുമായി കോണ്ടാക്ട് ചെയ്യുമായിരുന്നെന്നും എന്നാല്‍ ചാന്‍സ് ചോദിക്കാന്‍ തോന്നിയിട്ടില്ലെന്നും നിഖില പറയുന്നു. അടുത്ത സുഹൃത്തുക്കളോട് ചാന്‍സ് ചോദിക്കാന്‍ തനിക്ക് മടിയാണെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പെണ്ണ് കേസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘ലോകഃയിലേക്ക് എന്നെ പരിഗണിച്ചിട്ടില്ല. അങ്ങനെ പറഞ്ഞ പാര്‍വതി ചേച്ചി ഇപ്പോ എയറിലാണ്. എനിക്ക് അങ്ങനെയാവണ്ട. ലോകഃക്ക് പകരം മറ്റൊരു പ്രൊജക്ട്, എന്നെയും നസ്‌ലെനെയും വെച്ച് അരുണ്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ, പിന്നീട് അത് നടക്കാതെ പോയി. അതിന് ശേഷമാണ് ലോകഃയിലേക്ക് അരുണ്‍ കടന്നത്.

ആ പടത്തില്‍ എനിക്ക് ചാന്‍സുണ്ടോ എന്ന് എങ്ങനെ ചോദിക്കാനാകും. അയാളുടെ മനസില്‍ ഓരോ കഥാപാത്രവും ആര് ചെയ്യണമെന്ന് ഒരു ഐഡിയ ഉണ്ടാകുമല്ലോ. സുഹൃത്താണെന്ന് കരുതി നമുക്ക് ചാന്‍സ് തരുമോ എന്ന് ചോദിക്കാന്‍ പറ്റില്ലല്ലോ. ചോദിച്ചുകഴിഞ്ഞാല്‍ അത് അയാള്‍ക്കും ചെറിയ ബുദ്ധിമുട്ടുണ്ടാക്കും. അത് പിന്നീട് ആ സിനിമയെ ബാധിക്കാന്‍ സാധ്യതയുണ്ട്.

മമ്മൂക്ക ഓരോരുത്തരോടും ചാന്‍സ് ചോദിക്കുന്നുണ്ടെന്ന് കേള്‍ക്കാറുണ്ട്. അദ്ദേഹത്തിന് അതിനുള്ള പ്രിവിലേജുണ്ട്. വ്യത്യസ്തമായ ഒരു കഥയിലേക്ക് മമ്മൂക്ക വരുമ്പോള്‍ അതിന്റെ ഗുണം ആ സിനിമക്കുണ്ടാകും. അതുകൊണ്ട് അദ്ദേഹം ചാന്‍സ് ചോദിച്ചാല്‍ ആരായാലും കൊടുക്കുകയും ചെയ്യും. നമുക്ക് അതുപോലെ ഒന്ന് കിട്ടില്ല.

ഇനിയെങ്ങാനും നമ്മള്‍ ചാന്‍സ് ചോദിച്ചാല്‍ ആ കഥയിലേക്ക് നമ്മള്‍ വന്നാല്‍ ഗുണമുണ്ടാകുമോ എന്ന് അയാള്‍ ചിന്തിക്കും. പടത്തിന് പ്രൊഡ്യൂസറെ കിട്ടുമോ റിലീസിന് മുമ്പ് ടേബിള്‍ പ്രോഫിറ്റ് കിട്ടുമോ എന്നൊക്കെ അയാള്‍ ചിന്തിക്കേണ്ടി വരും. അതൊന്നും വേണ്ട എന്ന് ആലോചിച്ച് ഞാന്‍ എന്റെ ഫ്രണ്ട്‌സിനോട് ചാന്‍സ് ചോദിക്കാറേയില്ല,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal saying she won’t ask chance to her friends

We use cookies to give you the best possible experience. Learn more