| Monday, 29th June 2026, 4:10 pm

രണ്ടര മണിക്കൂര്‍ സിനിമയില്‍ ആകെ നാല് സീന്‍, എല്ലാ സീനിലും മുരളീ വിളി മസ്റ്റ്... ഇതിനാണോ നിഖില അഞ്ച് വട്ടം സ്‌ക്രിപ്റ്റ് വായിച്ചത്?

അമര്‍നാഥ് എം.

പൊളിറ്റിക്കല്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയുള്ള മോളിവുഡില്‍ മുരളി ഗോപി പടച്ചുവിട്ട ഏറ്റവും പുതിയ ചിത്രമാണ് അനന്തന്‍ കാട്. തന്റെ സിനിമകളിലെല്ലാം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന മുരളി ഗോപിക്ക് ഇത്തവണ പാളിയിട്ടുണ്ട്. യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നാത്ത ഫ്‌ളാറ്റായ തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ വില്ലന്‍.

സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരനിരയാണ് അനന്തന്‍ കാടിലേത്. തമിഴ് താരം ആര്യയാണ് ചിത്രത്തിലെ നായകന്‍. മുരളി ഗോപി, ഇന്ദ്രന്‍സ്, ദേവ് മോഹന്‍, ശാന്തി ബാലചന്ദ്രന്‍, അപ്പാനി ശരത്, വിജയരാഘവന്‍, അച്യുത് കുമാര്‍, റജീന കസാന്ദ്ര തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുടെ നീണ്ടനിര തന്നെ അനന്തന്‍ കാടിലുണ്ട്.

അനന്തന്‍ കാട് Photo: Theatrical Poster

നിഖില വിമലും ചിത്രത്തിന്റെ ഭാഗമാണ്. ദീപ ടീച്ചര്‍ എന്ന കഥാപാത്രമായാണ് നിഖില വേഷമിടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് നിഖില പറഞ്ഞ വാക്കുകളും സിനിമയില്‍ നിഖിലയുടെ കഥാപാത്രത്തിന്റെ പ്രാധാന്യവും കൂട്ടിവായിക്കപ്പെടേണ്ടതാണ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അഞ്ചുവട്ടം വായിച്ചിട്ടും തനിക്ക് ഒന്നും മനസിലായില്ലെന്നായിരുന്നു നിഖിലയുടെ വാക്കുകള്‍.

എന്നാല്‍ രണ്ടര മണിക്കൂര്‍ സിനിമയില്‍ ആകെ നാല് സീന്‍ മാത്രമാണ് നിഖിലക്കുള്ളത്. ദേവ് മോഹന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്റെ കാമുകിയാണ് ദീപ. ഒരു പാട്ടും പിന്നീട് ദേവ് മോഹനൊപ്പമുള്ള മൂന്ന് സീനിലുമാണ് നിഖില പ്രത്യക്ഷപ്പെടുന്നത്. എല്ലാ സീനിലും ‘മുരളി, മുരളീ’ എന്ന് വിളിച്ച് നടക്കുന്നതല്ലാതെ മറ്റൊന്നും നിഖിലയുടെ കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നില്ല.

അനന്തന്‍ കാടില്‍ നിഖില വിമല്‍ Photo: Screen grab/ Mini Music

മോളിവുഡില്‍ വളരെ പ്രോമിസിങ്ങായിട്ടുള്ള നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. അത്തരത്തില്‍ വലിയ പൊട്ടന്‍ഷ്യലുള്ള നടിയെ ഇതുപോലെ പ്രാധാന്യമില്ലാത്ത വേഷങ്ങളില്‍ എന്തിനാണ് കാസ്റ്റ് ചെയ്യുന്നതെന്ന് സിനിമ കാണുന്നതിനിടയില്‍ ചിന്തിച്ചുപോയി. മുരളി ഗോപിയുടെ തിരക്കഥകളില്‍ എപ്പോഴും സ്ത്രീ കഥാപാത്രങ്ങളെല്ലാം ശക്തരായിരിക്കും. എന്നാല്‍ അനന്തന്‍ കാടില്‍ അതുമുണ്ടായിരുന്നില്ല.

വില്ലന്മാര്‍ക്ക് ഉപദ്രവിക്കാനും കൊല്ലാനും വേണ്ടി മാത്രമുള്ളവരാണ് അനന്തന്‍ കാടിലെ സ്ത്രീ കഥാപാത്രങ്ങള്‍. സിനിമയില്‍ വില്ലന്മാരുടെ കൈകൊണ്ട് മരിക്കാതെ രക്ഷപ്പെട്ടത് നിഖിലയുടെയും അഞ്ജലിയുടെയും കഥാപാത്രങ്ങള്‍ മാത്രമാണ്. പഴയ വീഞ്ഞിനെ അതിലും പഴകിയ കുപ്പിയില്‍ ഒരുപാട് വയലന്‍സ് കുത്തിക്കയറ്റി ഒരുക്കിയ ചിത്രമെന്ന് അനന്തന്‍ കാടിനെ വിശേഷിപ്പിക്കാം.

നിഖില വിമല്‍ Photo: Murali Gopy/ Facebook

ലൂസിഫറിന് ശേഷം മുരളി ഗോപിയൊരുക്കിയ തിരക്കഥകളൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. തീര്‍പ്പ് വന്‍ പരാജയമായപ്പോള്‍ എമ്പുരാന്‍ ലൂസിഫറിന്റെ ഏഴയലത്ത് എത്താതെ പോയി. അസ്രയേലില്‍ മുരളി ഗോപി നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷകള്‍.

Content highlight: Nikhila Vimal’s character in Ananthan Kaadu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more