55 ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തതിനര്‍ത്ഥം അവസാന റൗണ്ടിലുണ്ടായിരുന്ന ആസിഫ് അലി മോശം നടനാണ് എന്നല്ലെന്ന് നടി നിഖില വിമല്‍. ‘വനിത’ യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘അവാര്‍ഡ് ജൂറി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. ഒരു അവാര്‍ഡ് ഡിസര്‍വിങ് ആണോ അല്ലയോ എന്ന് നമുക്കൊരിക്കലും പറയാനാകില്ല, രണ്ടു പേര്‍ക്ക് കൊടുക്കാനാകില്ല എന്ന കാരണം കൊണ്ട് ജൂറി തിരഞ്ഞെടുക്കുന്നത് ഒരാളെയായിരിക്കാം. അതിനര്‍ത്ഥം മറ്റൊരാള്‍ മോശമാണെന്നല്ല.
മമ്മൂക്ക തന്നെ ഈ കാര്യം പറഞ്ഞിരുന്നു. ആസിഫിക്കയെ അദ്ദേഹം വിശേഷിപ്പിച്ചത് മികച്ച നടന്‍ എന്ന് തന്നെയാണ്. ഞാന്‍ ആസിഫിക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്, വളരെ ഹാര്‍ഡ് വര്‍ക്കിംഗ് ആയിട്ടുള്ള ആക്ടറാണ്. അദ്ദേഹത്തിന്റെ ആദ്യ പടം മുതല്‍ ഇങ്ങോട്ടേക്ക് നോക്കികഴിഞ്ഞാല്‍ ആ ട്രാന്‍സിഷന്‍ നമുക്ക് കാണാന്‍ സാധിക്കും.
കൊത്ത് ചെയ്യുന്ന സമയത്ത് ആസിഫിക്കയുടെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ ഇമോഷണലായിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി അദ്ദേഹത്തിന്റെ പേര് തുടര്‍ച്ചയായി സംസ്ഥാന അവാര്‍ഡിനായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെയും അതിനു വേണ്ടി ചെയ്യുന്ന കഠിനധ്വാനത്തിന്റെയും ഫലമാണിത്’ നിഖില പറഞ്ഞു.
നമ്മള്‍ ആരുടെയും പ്രകടനം കുറച്ചുകാണേണ്ടതില്ല എന്നാണ് തനിക്ക് പറയാനുളളതെന്നും എല്ലാവര്‍ക്കും കൂടെ ഒരുമിച്ച് കൊടുക്കാന്‍ പറ്റിയ ഒന്നല്ലല്ലോ അവാര്‍ഡെന്നും താരം പറഞ്ഞു. എല്ലാവര്‍ക്കും എല്ലാ ദിവസവും ഒരേ പോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്നും നിഖില പറയുന്നു. അതുകൊണ്ട് തന്നെ അഭിനേതാക്കളുടെ സ്ഥിരതയും, കഥാപാത്രത്തിന് വേണ്ടി അവര്‍ എടുക്കുന്ന കഠിനധ്വാനവുമാണ് അവാര്‍ഡുകള്‍ക്ക് മാനദണ്ഡമാക്കേണ്ടതെന്നും താരം പറഞ്ഞു.
‘ആസിഫിക്കയുടെ പേര് ചടങ്ങില്‍ പരാമര്‍ശിച്ചപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി, അദ്ദേഹം കഥാപാത്രത്തിന് വേണ്ടി എടുക്കുന്ന എഫര്‍ട്ട് നേരിട്ടറിയുന്ന ആളായതുകൊണ്ട് എനിക്കതിന്റെ പ്രാധാന്യം അറിയാം. അഭിനന്ദനമറിയിച്ചുകൊണ്ട് മെസ്സേജ് അയച്ചിരുന്നു. ഒപ്പം ലിജോമോള്‍ക്ക് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കിട്ടിയതും വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കിയ കാര്യമായിരുന്നു. ലിജോമോള്‍ക്കും മമ്മൂക്കക്കും അഭിനന്ദനമറിയിച്ചിരുന്നു’ താരം പറയുന്നു.
ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത് നിഖില വിമല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പെണ്ണ് കേസ് നവംബര്‍ 28 ന് തിയ്യേറ്ററുകളിലെത്തും. ചിത്രത്തില്‍ ഹക്കീം ഷാ,രമേഷ് പിഷാരടി, അജു വര്‍ഗീസ്, ഇര്‍ഷാദ് അലി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു
Content Highlight: Nikhila Vimal reacts to the 55th Kerala State Film Award