| Sunday, 15th March 2026, 1:35 pm

പൊലീസ് പിടിച്ചാലും ചോക്ലേറ്റ് കൊടുത്താലും ഒരേ പുച്ഛം, പെണ്ണ് കേസ് ഒ.ടി.ടി റിലീസിന് പിന്നാലെ നിഖില വിമലിനെതിരെ ഹേറ്റ് ക്യാമ്പയിന്‍

അമര്‍നാഥ് എം.

സത്യന്‍ അന്തിക്കാട് മലയാളസിനിമക്ക് സമ്മാനിച്ച നടിയാണ് നിഖില വിമല്‍. ഭാഗ്യദേവതയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നിഖില ലവ് 24 x 7ലൂടെയാണ് നായികയായി അരങ്ങേറിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും വലിയൊരു ഫാന്‍ബേസ് സ്വന്തമാക്കാന്‍ നിഖിലക്ക് സാധിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി താരം അനാവശ്യ ഹേറ്റ് ക്യാമ്പയിന്‍ നേരിടുകയാണ്.

നിഖില കേന്ദ്ര കഥാപാത്രമായെത്തിയ പെണ്ണ് കേസ് കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു. തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഒ.ടി.ടിയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹത്തട്ടിപ്പ് നടത്തുന്ന സ്ത്രീയായാണ് നിഖില പെണ്ണ് കേസില്‍ വേഷമിടുന്നത്. ചിത്രത്തിലെ പ്രകടനത്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

എല്ലാ സീനിലും ഒരേ എക്‌സ്പ്രഷനിലാണ് നിഖില പ്രത്യക്ഷപ്പെടുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പൊലീസ് പിടിക്കുമ്പോഴും ഫ്‌ളാഷ്ബാക്ക് പറയുമ്പോഴുമെല്ലാം നിഖിലയുടെ മുഖത്ത് ഒരേ ഭാവമാണെന്നും പോസ്റ്റില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഭൂരിഭാഗം സീനുകളിലും പുച്ഛഭാവം മാത്രമാണ് നിഖില നല്‍കുന്നതെന്നും കമന്റുകളുണ്ട്.

ഷമീര്‍ എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ മലയാളത്തിന്റെ സ്വന്തം പുച്ഛം സ്റ്റാര്‍ എന്നാണ് നിഖിലയെ വിശേഷിപ്പിച്ചത്. പെണ്ണ് കേസില്‍ നിഖിലയുടെ മൂന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. എന്നാല്‍ പോസ്റ്റിന് താഴെ നിഖിലയെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്. മൂന്നും മൂന്ന് എക്‌സ്പ്രഷനുകളാണെന്നും റീച്ചിന് വേണ്ടി വെറുതേ അനാവശ്യ ഹേറ്റ് പാടില്ലെന്നുമാണ് കമന്റുകള്‍.

സിനിമ ആവശ്യപ്പെടുന്ന അഭിനയം മാത്രമാണ് നിഖില കാഴ്ചവെച്ചതെന്നും മുഴുവന്‍ കാണാതെയാണ് ഇത്തരം പോസ്റ്റുകളെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എക്‌സ്പ്രഷന്‍ കൊടുക്കാന്‍ സിനിമയില്‍ എന്തെങ്കിലും വേണ്ടേയെന്നും പകുതി പോലും കാണാന്‍ തോന്നിയില്ലെന്നും ഒരാള്‍ കമന്റ് പങ്കുവെച്ചു. നല്ല തീമായിരുന്നിട്ടും വേണ്ട രീതിയില്‍ ഇന്‍ട്രസ്റ്റിങ്ങാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

നിഖിലയെ വിമര്‍ശിച്ചും കമന്റുകളുണ്ട്. ഗുരുവായൂര്‍ അമ്പലനടയിലിന്റെ റിലീസിന് ശേഷവും നിഖിലക്ക് നേരെ സമാനമായ ഹേറ്റ് ക്യാമ്പയിനുണ്ടായിരുന്നു. എല്ലാ സീനിലും ഒരേ എക്‌സ്പ്രഷനായിരുന്നു എന്നാണ് പലരും ആരോപിച്ചത്. അഭിമുഖങ്ങളിലെ നിഖിലയുടെ ചില വാക്കുകള്‍ വളച്ചൊടിച്ച് രാഷ്ട്രീയപരമായും ചിലര്‍ താരത്തിനെതിരെ തിരിയുന്നുണ്ട്.

ഗോഡ്ഫാദര്‍മാരില്ലാതെ വന്ന് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിമാരിലൊരാളാണ് നിഖില വിമല്‍. അരവിന്ദന്റെ അതിഥികള്‍, വാഴൈ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമായിരുന്നു നിഖിലയുടേത്.

Content Highlight: Nikhila Vimal facing hate campaign after the OTT release of Pennu Case movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more