| Thursday, 31st July 2025, 11:10 pm

ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രം വ്യത്യസ്തമായി അനുഭവപ്പെട്ടു: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയായ നടിയാണ് നിഖില വിമല്‍. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടി പിന്നീട് ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അവര്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മാരീ സെല്‍വരാജിന്റെ വാഴൈ എന്ന ചിത്രത്തിലും നിഖില അഭിനയിച്ചിരുന്നു.

വാഴൈയും അതിലെ നിഖിലയുടെ പൂങ്കൊടി എന്ന ടീച്ചര്‍കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മഹിളാരത്‌നം മാഗസിനുമായുള്ള അഭിമുഖത്തില്‍ വാഴൈ സിനിമ നല്‍കിയ അനുഭവം പങ്കുവെക്കുകയാണ് നിഖില.

‘ഇതുവരെ ഞാന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രം വളരെ വ്യത്യസ്തമായതായി അനുഭവപ്പെട്ടു. അതുപോലൊരു പാറ്റേണില്‍ ഞാനൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. തമിഴിലും മലയാളത്തിലുമായി ഞാന്‍ ഏതാണ്ട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാധാരണയായി ചില ഇമോഷണലുകള്‍ക്ക് നമ്മുടെ പക്കല്‍ ചില റിയാക്ഷനുകളുണ്ടാവും. എന്നാല്‍ ‘വാഴൈ’യുടെ സംവിധായകന്‍ മാരി സെല്‍വരാജ് സാര്‍ ഒരു റിയാക്ഷനും പാടില്ല എന്നുപറഞ്ഞു.

മാരി സെല്‍വരാജ് അങ്ങനെ പറഞ്ഞത് തനിക്ക് പുതിയ അനുഭവമായിരുന്നുവെന്ന് നിഖില പറയുന്നു. അദ്ദേഹം പറയുന്നപോലെ അഭിനയിക്കാന്‍ ചില എഫര്‍ട്ട് വേണ്ടിവന്നിരുന്നുവെന്നും ഇത്രമാത്രം സിനിമ ജനങ്ങള്‍ക്ക് റിലേറ്റ് ആവും എന്ന് കരുതിയതേയില്ലെന്നും നടി പറഞ്ഞു.

‘എല്ലായിടത്തുനിന്നും കിട്ടിയ നല്ല പ്രതികരണം കാണുമ്പോള്‍ ഞങ്ങളും ഞങ്ങളുടെ ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു എന്ന സന്തോഷമുണ്ട്. പടത്തിലാകമാനം ഒരു ചെറിയ പോര്‍ഷന്‍ മാത്രമേ ജോളിയായിട്ടുണ്ടാവു. പൂങ്കൊടി ടീച്ചറായി എന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി. പൂങ്കൊടി ടീച്ചര്‍ കുറെക്കാലം പ്രേക്ഷകരുടെ മനസില്‍ ജീവിക്കും,’ നിഖില പറയുന്നു.

Content Highlight:  Nikhila talks about the movie Vazhai and director Marie Selvaraj

We use cookies to give you the best possible experience. Learn more