| Saturday, 13th July 2019, 11:40 pm

'മന്ത്രിയുടെ മകന്റെ വിവാഹത്തിനു വരെ എസ്.എഫ്.ഐ കുട്ടികളെ കൊണ്ടുപോയിട്ടുണ്ട്'- വെളിപ്പെടുത്തലുമായി മുന്‍ വിദ്യാര്‍ഥിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രിയുടെ മകന്റെ വിവാഹത്തിനു വരെ കുട്ടികളെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എസ്.എഫ്.ഐ കൊണ്ടുപോയിട്ടുണ്ടെന്ന് കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നിഖില. കോളേജിലെ എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്റെ പേരില്‍ മുന്‍പ് ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാര്‍ത്ഥിനിയാണ് നിഖില. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു നിഖില ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഫെബ്രുവരിയില്‍ എ.കെ.ജി സെന്ററില്‍ നടന്ന വിവാഹത്തിന് വേണ്ടിയാണ് ക്ലാസില്‍ നിന്നടക്കം ആണ്‍കുട്ടികളെ കൂട്ടത്തോടെ വിളിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ചകളിലാണ് ലാബ് ഉണ്ടാകാറ്. ലാബില്‍ ഹാജര്‍ നിര്‍ബന്ധമാണ്.

അതിന് പോകാന്‍ നില്‍ക്കുമ്പോള്‍ ക്ലാസിലെ ആണ്‍കുട്ടികളെ എസ്.എഫ്.ഐക്കാര്‍ വന്ന് വിളിച്ചുകൊണ്ടുപോയി. മന്ത്രിയുടെ മകന്റെ വിവാഹമാണ്, പോയിട്ട് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. പിന്നെ അവരവിടെ നിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഒക്കെ സ്റ്റാറ്റസായി ഇട്ടിരുന്നു. പക്ഷേ, പ്രശ്‌നം, ഇതിന്റെ പേരില്‍ അന്ന് ആരെയും ലാബില്‍ കയറാന്‍ നേതാക്കള്‍ സമ്മതിച്ചില്ല’- നിഖില പറഞ്ഞു.

ഇത്തരം നേതാക്കളെ നിയന്ത്രിക്കാത്തത് പ്രിന്‍സിപ്പാളിന്റെ വീഴ്ചയാണ്. പ്രിന്‍സിപ്പാള്‍ കെ. വിശ്വംഭരന്‍ എസ്.എഫ്.ഐയുടെ കയ്യിലെ കളിപ്പാവ മാത്രമാണ്. പ്രിന്‍സിപ്പാളിന്റെ നടപടികള്‍ വെറും പ്രഹസനമാണ്. പരാതി പറഞ്ഞപ്പോള്‍ ഇത് വ്യക്തിപരമായ വിഷയമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ഇപ്പോള്‍ അഖിലിന് കുത്തേറ്റതിന് ശേഷം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രതിഷേധിച്ചതുകൊണ്ടാണ് നടപടികളുണ്ടായത്. ഇല്ലെങ്കില്‍ ഇതും ‘വ്യക്തിപരമായ, ഒറ്റപ്പെട്ട’ സംഭവമായേനേ- നിഖില പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാന്‍ ഇന്നു തീരുമാനമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പ്രതികളായവരെ സംഘടനയില്‍ നിന്നു പുറത്താക്കാനും തീരുമാനമായി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണു തീരുമാനം.

നേരത്തേ യൂണിറ്റ് പിരിച്ചുവിടാനുള്ള നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു മുന്നില്‍ വെച്ചതായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞിരുന്നു. പ്രതികളായവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഇന്നലെ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുറത്താക്കാനുള്ള തീരുമാനം.

എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അഖിലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ കുത്തിയ സംഭവം ലജ്ജാകരമാണെന്ന് സാനു ഇന്ന് പറഞ്ഞിരുന്നു. ഇതില്‍ കേരളാ ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും സാനു ഫേസ്ബുക്കില്‍ കുറിച്ചു.

മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍, അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണെന്നും സാനു വിമര്‍ശിച്ചു. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിര്‍ണയിക്കുമ്പോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐയെന്നും പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുതെന്നും സാനു കുറിച്ചു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സാനു കൂട്ടിച്ചേര്‍ത്തു.

നേരത്തെ എസ്.എഫ്.ഐക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. അഖിലിനോട് മാപ്പ് പറയണമെന്നും ഇത് ചരിത്രത്തിലെ അക്ഷരതെറ്റ് തന്നെയാണെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അതിനിടെ കോളേജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചു. കാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നതായിരുന്നു എ.ഐ.എസ്.എഫ് അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം. അക്രമസംഭവങ്ങള്‍ക്കെതിരെ ഇന്നു നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് യൂണിറ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more