മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജുകുട്ടിയായി മോഹൻലാൽ വീണ്ടും എത്തിയപ്പോൾ ആരാധകർ വലിയ ആവേശത്തോടെയാണ് സിനിമയെ സ്വീകരിച്ചത്.
റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. അതിനിടെ ചിത്രത്തിലെ പുതുമുഖ താരങ്ങളും പ്രേക്ഷകശ്രദ്ധ നേടുകയാണ്.
നിഖിൽ നായർ, മോഹൻലാൽ , Photo: Nikhil Nair/ Facebook
അത്തരത്തിൽ ശ്രദ്ധേയനായ താരമാണ് നിഖിൽ നായർ. ചിത്രത്തിൽ അവിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഖിൽ, താരതമ്യേന കുറഞ്ഞ സ്ക്രീൻ സമയം ലഭിച്ചിട്ടും തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ സാധിച്ചു. കഥാപാത്രത്തിന്റെ അവതരണവും സ്ക്രീൻ പ്രസൻസും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് നിഖിലിന്റെ വരവ്. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റെ സഹോദരിയായ സുജാത ബാലാജിയുടെ മകനാണ് നിഖിൽ.
എന്നിരുന്നാലും കുടുംബ പശ്ചാത്തലത്തേക്കാൾ സ്വന്തം കഴിവും പരിശ്രമവുമാണ് സിനിമയിലേക്കുള്ള വഴിയൊരുക്കിയതെന്ന് നിഖിൽ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഓഡിഷനുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്നെയാണ് അഭിനയരംഗത്ത് അവസരങ്ങൾ നേടിയെടുത്തതെന്നും താരം പറയുന്നു.
ഇപ്പോഴിതാ തന്റെ കസിനും നടനുമായ പ്രണവ് മോഹൻലാലിനെക്കുറിച്ച് നിഖിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
കുടുംബത്തോടൊപ്പമുള്ള ഏറ്റവും മനോഹരമായ ഓർമയെക്കുറിച്ച് സംസാരിക്കവെയാണ് പ്രണവുമായി ചെറുപ്പത്തിൽ ഉണ്ടായിരുന്ന വഴക്കുകളെക്കുറിച്ചും നിഖിൽ പറഞ്ഞത്. ‘ഞങ്ങൾ എല്ലാവരും ചേർന്ന് പോയ ഒരു മാലിദ്വീപ് യാത്രയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്ന്.
ചെറുപ്പത്തിൽ എല്ലാവരുമായും വഴക്കിട്ടിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ അടികൂടിയത് അപ്പുച്ചേട്ടനുമായിട്ടാണ്. എനിക്ക് അദ്ദേഹത്തേക്കാൾ എട്ടോ പത്തോ വയസ് കുറവാണ്. അതുകൊണ്ട് കളിപ്പാട്ടങ്ങൾക്കുവേണ്ടിയുള്ള വഴക്കുകളൊന്നുമല്ല ഉണ്ടായിരുന്നത്,’ എന്നാണ് നിഖിൽ പറഞ്ഞത്.
കുടുംബത്തിലെ ഐക്യത്തെയും അടുപ്പത്തെയും കുറിച്ചും താരം സംസാരിച്ചു. ‘ഞങ്ങളുടെ കുടുംബത്തിൽ എല്ലാ ഞായറാഴ്ച്ചയും ഒരു പ്രത്യേക പതിവുണ്ട്. എല്ലാവരും ഒരേ വീട്ടിൽ ഒത്തുകൂടി ലഞ്ച് കഴിക്കും. ആരായാലും അന്ന് അവിടെ ഉണ്ടാകണം. അത് നല്ല മെമ്മറീസ് ആണ്,’ എന്നും നിഖിൽ കൂട്ടിച്ചേർത്തു.
Content Highlight: Nikhil nair talk about Pranav Mohanlal