ഷോൺ ലെവി സംവിധാനം ചെയ്ത 2006 ൽ പ്രദർശനത്തിയെത്തിയ ചിത്രമാണ് നൈറ്റ് അറ്റ് ദി മ്യൂസിയം. മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ നൈറ്റ് സെക്യൂരിറ്റി ഗാർഡായ ലാറി രാത്രികാലങ്ങളിൽ മ്യൂസിയത്തിലെ സാധനങ്ങൾക്ക് ജീവൻ വെക്കുമെന്ന് അറിയുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് നൈറ്റ് അറ്റ് ദി മ്യൂസിയം പറയുന്നത്. ലോകമെമ്പാടും വൻ ആരാധകരുള്ള ചിത്രം പിന്നീട് മൂന്ന് ഫ്രാഞ്ചൈസികളായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി.
ഇപ്പോഴിതാ നൈറ്റ് അറ്റ് ദി മ്യൂസിയം ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് ഹോളിവുഡിൽ നിന്നും വരുന്നത്. 20th സെഞ്ച്വറി സ്റ്റുഡിയോ നൈറ്റ് അറ്റ് ദി മ്യൂസിയം റീബൂട്ട് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 21 ലാപ്സ് എന്റർടൈൻമെന്റ് ട്രിപ്പർ ക്ലാൻസിയെ തിരക്കഥയെഴുതാൻ ഏൽപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ കഥാപാത്രങ്ങളുമായിട്ടായിരിക്കും നൈറ്റ് അറ്റ് ദി മ്യൂസിയം ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. ഷോൺ ലെവിയും ഡാൻ ലെവിനും ചേർന്നാണ് 21 ലാപ്‌സിനായി ചിത്രം നിർമിക്കുക.
2006ൽ ദി നൈറ്റ് അറ്റ് ദി മ്യൂസിയം ഫ്രാഞ്ചൈസി ആരംഭിച്ചു. തുടർന്ന് ചിത്രത്തിന്റെ മൂന്ന് ഫോളോ അപ്പുകൾ പുറത്തിറങ്ങി. നൈറ്റ് അറ്റ് ദി മ്യൂസിയം: ബാറ്റിൽ ഓഫ് ദി സ്മിത്‌സോണിയൻ (2009), നൈറ്റ് അറ്റ് ദി മ്യൂസിയം: സീക്രട്ട് ഓഫ് ദി ടോംബ് (2014), ആനിമേറ്റഡ് ഫീച്ചർ നൈറ്റ് അറ്റ് ദി മ്യൂസിയം: കഹ്‌മുൻറ റൈസസ് എഗെയ്ൻ (2022) എന്നിങ്ങനെയാണ് ആ ഫ്രാഞ്ചൈസിയിലെ ചിത്രങ്ങൾ. ആദ്യ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തത് ഷോൺ ലെവിയാണ്. ആനിമേറ്റഡ് ഫീച്ചർ ഫിലിം കഹ്‌മുൻറ സംവിധാനം ചെയ്തത് മാറ്റ് ഡാനറാണ്.
Content highlight: Night at the Museum reboot announced