എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ അതികായനായി വളര്‍ന്ന താരമാണ് പ്രഭാസ്. റിബല്‍ സ്റ്റാര്‍ എന്ന വിളിപ്പേരോട് കൂടി അറിയപ്പെടുന്ന താരത്തിന്റെ ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും നിലം തൊട്ടിരുന്നില്ല. അവസാനമായി പുറത്തിറങ്ങിയ രാജാ സാബ് അടക്കം നിര്‍മാതാവിന് വലിയ ബാധ്യത വരുത്തിവെച്ചാണ് തിയേറ്റര്‍ വിട്ടത്.
Photo: Book My Show
ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ആദിപുരുഷ്. സാഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. റിലീസിന്റെ ആദ്യ ദിവസം വലിയ ഓപ്പണിങ്ങ് ലഭിക്കുന്നതൊഴിച്ചാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം മാര്‍ക്കറ്റില്‍ കൂപ്പുകുത്തിയിരുന്നു. സമാനമായ സംഭവവികാസത്തിനാണ് മാരുതി സംവിധാനം ചെയ്ത രാജാസാബിനും തിയേറ്ററുകളില്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത്.
പാന്‍ ഇന്ത്യന്‍ തലത്തിലും വിദേശത്തും വലിയ മാര്‍ക്കറ്റുള്ള താരത്തിന് ഇത് ഉപയോഗപ്പെടുത്താനോ മികച്ച സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കാനോ സാധിക്കുന്നില്ലെന്ന് കാണിച്ച് വലിയ വിമര്‍ശനമാണ് ചിത്രത്തിന്റെ പരാജയ ശേഷം സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്നത്. ഇതിന്റെ ബാക്കിയെന്നോണം രാജാ സാബിലെ മൂന്ന് നായികമാരിലൊരാളായ നിധി അഗര്‍വാള്‍ പ്രഭാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘നമ്മുടെ ചാറ്റിലെ വൈറ്റ് ഹാര്‍ട്ടിന്റെ ഇമോജിയില്ലേ അതു പോലെയാണ് പ്രഭാസ് സര്‍. അദ്ദേഹത്തെ നേരില്‍ കണ്ടാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് നമുക്ക് തോന്നില്ല. അദ്ദേഹം കൊമേഷ്യല്‍ ആയിട്ടുള്ള ആളല്ല, സിനിമയില്‍ നടക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും പ്രഭാസ് സാറിനെ കാണാന്‍ സാധിക്കില്ല.
Photo: screen grab/ Ranveer allahbadia/ youtube.com
ഒരു പി.ആറും ഇല്ലാത്ത ആളാണ് പ്രഭാസ് സര്‍. ഒരു അഞ്ചു വയസുളള കുട്ടിയെ കാണുന്ന പോലെയാണ് അദ്ദേഹത്തെ മീറ്റ് ചെയ്യുമ്പോള്‍ തോന്നുക. സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല എന്റെ ജീവിതത്തില്‍ തന്നെ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം’ നിധി പറഞ്ഞു.
രണ്‍വീര്‍ അല്ലാഹ്ബാദിയക്ക് നല്‍കിയ അഭിമുഖത്തിന് പിന്നാലെ നിധി അഗര്‍വാളിന്റെ പരാമര്‍ശങ്ങളെ പരിഹസിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അഞ്ചു വയസുകാരന്റെ സ്വഭാവമായതിനാലാവും നല്ല കഥ നോക്കി സെലക്ട് ചെയ്യാന്‍ പറ്റാത്തതെന്നും നല്ല സിനിമ ചെയ്യാതെ പി.ആര്‍ ടീമിനെ കൊണ്ടുവന്നിട്ട് കാര്യമില്ലെന്നും വീഡിയോക്ക് താഴെ കമന്റുകളുണ്ട്.
Content Highlight: Nidhi Agarwal talks about Prabhas’s behavior